താനൂര്‍ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി 2018 സിനിമയുടെ നിര്‍മാതാക്കള്‍

മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് സഹായഹസ്തവുമായി 2018 സിനിമയുടെ നിര്‍മാതാക്കള്‍. ജീവന്‍ പൊലിഞ്ഞ 22 പേരുടെ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതം നല്‍കുമെന്ന് 2018ന്റെ സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. അതേസമയം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക 10 ലക്ഷമാണ്. കൂടാതെ ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.

അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വന്‍ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുന്‍പ് മടങ്ങിയെത്താന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍ ഇന്നലെ 5 മണിക്കു ശേഷമാണ് അപകടത്തല്‍പ്പെട്ട ബോട്ട് യാത്ര തിരിച്ചത്

ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. അപകട സ്ഥലത്ത് വിശദമായ തിരച്ചില്‍ നടത്തുന്നതിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ മഹാപ്രളയം. ആ അതിജീവനത്തിന്റെ കഥയാണ് ജൂഡ് ആന്റണി 2018 എന്ന പേരില്‍ സിനിമയാക്കിയത്. കഴിഞ്ഞ ദിവസം തിയ്യേറ്ററിലെത്തിയ ചിത്രം കാണാന്‍ ജനങ്ങളുടെ പ്രളയമാണ് തിയ്യേറ്ററുകളില്‍. കേരളത്തിലെ തിയേറ്ററുകളെല്ലാം ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നത്. നിസ്സഹായതയുടെ, നഷ്ടപ്പെടലുകളുടെ, മാനവികതയുടെ, പേടിപ്പെടുത്തുന്ന ഒരായിരം ഓര്‍മ്മകളെ ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്.

Gargi