ഭാഗ്യദേവത, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദ യാത്ര എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ചിരപരിചിതമായ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും ഇന്നസെന്റും. അന്തിക്കാട് സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. തന്റെ പ്രിയ നടന്‍, സുഹൃത്ത് ഇനിയില്ലെന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാനാവാതെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിനെ ചേര്‍ത്ത് പിടിച്ചാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്നസന്റിനെ സത്യന്‍ അന്തിക്കാട് കാണാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് മകനും സംവിധായകനുമായ അനൂപ് സത്യന്‍. ഇന്നസെന്റിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ച അച്ഛനെ കുറിച്ചാണ് അനൂപ് പോസ്റ്റില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം
‘ഇന്നസന്റ് അങ്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതിന്റെ തലേദിവസം, അതായത് ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഇത് സംഭവിക്കുന്നത്. ഞങ്ങളെല്ലാവരും ടെന്‍ഷനിലായിരുന്നു, പക്ഷെ എപ്പോഴും ചെയ്യാറുള്ളതുപോലെ മരണത്തിന്റെ വാതിലോളം ചെന്ന് അങ്കിള്‍ യു ടേണ്‍ എടുത്ത് തിരിച്ചു വരുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ അതിനുവേണ്ടി കാത്തിരുന്നാല്‍ മാത്രം മതി എന്ന മട്ടില്‍. ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസന്റ് അങ്കിളിനെ കണ്ടതും അച്ഛന്‍ ആകെ തകര്‍ന്നുപോയി. പക്ഷെ ആലീസ് ആന്റിയെയും സോനുവിനെയും ഉഷാറാക്കാന്‍ അച്ഛന്‍ പരമാവധി ശ്രമിച്ചു. അങ്കിളിനെക്കുറിച്ച് ഒരു തമാശ പറഞ്ഞ് അവരെ ചിരിപ്പിക്കുക വരെ ചെയ്തു. ഇപ്പോഴാണ് അങ്കിളിന്റെ പേരക്കുട്ടികളായ ഇന്നുവും അന്നയും അവരുടെ അപ്പാപ്പനെ കാണാന്‍ വന്നത്. അച്ഛന്‍ അവരെയും ചിരിപ്പിക്കാന്‍ നോക്കി, തമാശ പറഞ്ഞു. ജൂനിയന്‍ ഇന്നസെന്റ് ഇന്നു അതുകേട്ട് ചിരിക്കുകയും ചെയ്തു. പക്ഷെ കണ്ണടയുടെ ഇടയിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.
ഒടുവില്‍ ഡിപ്ലോമസി എല്ലാം വിട്ട് അച്ഛന്‍ പറഞ്ഞു, ഇങ്ങനെയൊന്നും ആരും അവരുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ ചെയ്യരുത്. അവരെ ഇത്രമാത്രം അടുപ്പിച്ച്, അവരെയെല്ലാം സ്‌നേഹിച്ച്, ഒരിക്കലും മരിക്കില്ലെന്ന് അവരെ വിശ്വസിപ്പിക്കും’











