‘കാലം മാറി, കാര്യങ്ങൾ മാറി; ഏത് മാറ്റവും മലയാളത്തിൽ ആദ്യം തിരിച്ചറിയുന്നത് മമ്മൂക്ക’; വൈറലായി കുറിപ്പ്

ഹൈപ്പും പ്രതീക്ഷയുടെ അമിത ഭാരങ്ങളും ഇല്ലാതെ തീയേറ്ററിൽ എത്തുക, സൂപ്പർ ഹിറ്റ് ആയി പണം വാരി കൂട്ടുക… മലയാള സിനിമയിലെ പുത്തൻ ട്രെൻഡ് ആണിത്. ഇത്തരത്തിൽ തീയേറ്ററുകളെ ത്രസിപ്പിക്കുക മമ്മൂട്ടിയെ നായകനാക്കി റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ്. മികച്ച മൗത്ത് പബ്ലിസിറ്റി നേടി കൂടുതൽ സ്ക്രീനുകളിലേക്ക് ചിത്രം എത്തുന്നുണ്ട്. ഈ അവസരത്തിൽ മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ‘കണ്ണൂർ സ്ക്വാഡി’നെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. സിനിമയിലെ ഏത് മാറ്റവും മലയാളത്തിൽ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നാണ് റോബർട്ടിന്റെ വാക്കുകൾ.

അതിന്റെ ഉദാഹരണമാണ് ‘കണ്ണൂർ സ്‌ക്വാഡ് ‘. വാരിക്കോരി പരസ്യം ചെയ്തതുകൊണ്ടോ ഹോർഡിങ്ങുകൾ വെച്ചതുകൊണ്ടോ ഇപ്പോൾ സിനിമകൾ തീയറ്ററിൽ വിജയിക്കില്ല. പ്രേക്ഷകന്റെ നാവാണ് ഇന്ന് ഏറ്റവും വലിയ പ്രമോഷൻ ഉപകരണം. സിനിമ കണ്ടിറങ്ങുന്നവരുടെ നാവിൽ നിന്ന് നാവിലേക്കും ഫോണിൽ നിന്ന് ഫോണിലേക്കും ഒരു സിനിമയുടെ അഭിപ്രായം പടരാൻ റിലീസ് ദിവസം ഉച്ചവരെയുള്ള സമയം മാത്രം മതി. അത്തരമൊരു അഭിപ്രായം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് പബ്ലിസിറ്റി ചെയ്തിട്ടും കാര്യമില്ലെന്നും റോബർട്ട് ഫേസ്ബുക്കിൽ കുറിച്ചു.

റോബർട്ടിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സിനിമയിലെ ഏത് മാറ്റവും മലയാളത്തിൽ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും നമ്മുടെ മമ്മുക്കയാണെന്ന് മനസ്സിലാക്കിത്തരുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂർ സ്‌ക്വാഡ് ‘. ലക്ഷങ്ങൾ ചെലവിട്ടുള്ള കൂറ്റൻ കട്ട് ഔട്ടുകളും തിയേറ്ററുകൾ ഇളക്കി മറിക്കുന്ന ആരാധകരുടെ ഉത്സവമായ ‘FDFS’ഉം എന്നും സിനിമയുടെ ആകർഷകഘടകങ്ങൾ തന്നെ ആയിരുന്നു. എന്നാൽ കാലം മാറി, കാര്യങ്ങൾ മാറി.. കമ്മ്യൂണിക്കേഷൻ വേറെ ലെവലായി. പ്രേക്ഷകന്റെ ചിന്താ ശേഷിയും വാസനയും മാറി. അത് ആദ്യം തിരിച്ചറിഞ്ഞതും പതിവ്‌പോലെ തന്നെ മമ്മൂക്ക തന്നെ.
വാരിക്കോരി പരസ്യം ചെയ്തതുകൊണ്ടോ ഹോർഡിങ്ങുകൾ വെച്ചതുകൊണ്ടോ ഇപ്പോൾ സിനിമകൾ തീയറ്ററിൽ വിജയിക്കില്ല. അത്തരം കാടിളക്കിയുള്ള പ്രചാരണതന്ത്രങ്ങളല്ല വിജയങ്ങൾ സൃഷ്ടിക്കുന്നതെന്ന് സമീപകാലത്തുള്ള ചില ചിത്രങ്ങളുടെ വലിയ വിജയങ്ങൾ കാണിച്ചുതരുന്നുണ്ട്.

ബോക്‌സ് ഓഫീസ് വലിയ ഹിറ്റുകളായി മാറിയ ഭീഷ്മ, റോഷാക്ക്, RDX തുടങ്ങിയ ചിത്രങ്ങൾക്കൊന്നും ഇത്തരം സോ കോൾഡ് പ്രമോഷന്റെ അകമ്പടിയുണ്ടായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് മമ്മൂട്ടികമ്പനി ‘സിനിമവരുന്നേ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നടക്കാതിരുന്നത്.
പ്രേക്ഷകന്റെ നാവാണ് ഇന്ന് ഏറ്റവും വലിയ പ്രമോഷൻ ഉപകരണം. സിനിമ കണ്ടിറങ്ങുന്നവരുടെ നാവിൽ നിന്ന് നാവിലേക്കും ഫോണിൽ നിന്ന് ഫോണിലേക്കും ഒരു സിനിമയുടെ അഭിപ്രായം പടരാൻ റിലീസ് ദിവസം ഉച്ചവരെയുള്ള സമയം മാത്രം മതി. അത്തരമൊരു അഭിപ്രായം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തു പബ്ലിസിറ്റിയിലും കാര്യമില്ല.

കണ്ടന്റിന്റെ ശക്തിയിൽ വിശ്വസിക്കുന്നവർ പ്രേക്ഷകനെയും വിശ്വസിക്കും. അതാണ് മമ്മൂട്ടി കമ്പനിയും ചെയ്തത്. കണ്ണൂർ സ്‌ക്വാഡിന്റെ രണ്ടേ രണ്ട് സ്റ്റിൽ ആണ് റിലീസിന് മുൻപ് പുറത്ത് വന്നിരുന്നത്. സിനിമയിലെ മറ്റു ഘടകങ്ങളൊന്നും ഒരു മനുഷ്യനും ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ആ ഒളിപ്പിച്ചുവയ്ക്കലിന്റെ ഫലമാണ് ഇപ്പോൾ തീയറ്ററിൽ നിന്ന് വിട്ടിറങ്ങുന്നവരുടെ നാവിലൂടെയും സ്മാർട്ട്‌ ഫോണിലൂടെയും നാടെങ്ങും നിറയുന്നത്.

പ്രൊമോഷൻ പോരാ എന്ന് ചിലർ ആവലാതിപ്പെട്ടു. ഹൈപ്പില്ലന്ന് മറ്റു ചിലർ നിലവിളിച്ചു. പക്ഷേ മമ്മൂക്കയും മമ്മൂട്ടി കമ്പനിയുമായിരുന്നു ശരി എന്നതിന് ആ മഹാവിജയത്തേക്കാൾ വലിയ തെളിവ് വേണോ? രണ്ടാഴ്ച മുൻപ് പ്രൊമോഷൻ പോരാപറഞ്ഞുകൊണ്ടുള്ള ചില കോണുകളിൽ നിന്നുള്ള പ്രചാരണം അതിരുവിടുന്നു എന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചതിന്റെ അർത്ഥം ഇപ്പോൾ തിയേറ്ററിലെ ബുക്കിങ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് എനിക്ക് പൂർണ്ണമായും മനസ്സിലായത്. ഞാൻ മുൻപ് പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ 450 ‘ FDFS’ എങ്കിലും സിനിമലോകം കണ്ടിട്ടുണ്ട്.. ആ മനുഷ്യനെ സിനിമ റിലീസ് ചെയ്യാൻ പഠിപ്പിക്കുന്നവർക്കും നമോവാകം ????????????