തെന്നിന്ത്യയുടെ താരറാണിയാണ് സാമന്ത. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായിക കൂടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.
ഇനി മുതല്‍ അഭിനയത്തില്‍ മാത്രമല്ല തന്റെ ശ്രദ്ധ എന്നാണ് താരം അറിയിക്കുന്നത്. സിനിമാ നിര്‍മാണ രംഗത്തേക്കും ചുവടു വച്ചിരിക്കുകയാണ് നടി. പുതിയ നിര്‍മാണക്കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ത്രലാല മൂവിങ് പിക്ചേഴ്സ് എന്നാണ് സാമന്തയുടെ നിര്‍മാണ കമ്പനിയുടെ പേര്.
പുതിയ കാലത്തെ ആവിഷ്കാരത്തിന്റെയും ചിന്തയുടെയും പ്രതിനിധീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കും. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ‘അര്‍ഥവത്തായ’ കഥകള്‍ പറയാനുള്ള വേദിയായും ത്രലാല മൂവിംഗ് പിക്ചേഴ്സ് പ്രവര്‍ത്തിക്കുമെന്നും സാമന്ത സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
എന്റെ പ്രൊഡക്ഷന്‍ ഹൗസായ ത്രലാല മൂവിങ് പിക്ചേഴ്സ് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നമ്മുടെ സാമൂഹിക ഘടനയുടെ കരുത്തും സങ്കീര്‍ണ്ണതയും സംസാരിക്കുന്ന കഥകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരിടമാവും ഇത്. ഒപ്പം അര്‍ത്ഥവത്തായതും ആധികാരികവും സാര്‍വത്രികവുമായ കഥകള്‍ പറയാനും സിനിമാപ്രവര്‍ത്തകര്‍ക്കുള്ള ഒരു വേദിയാണിതെന്നും സാമന്ത പറയുന്നു.
നിര്‍മാണ കമ്പനിയുടെ കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്. അതേസമയം, ത്രലാല മൂവിങ് പിക്ചേഴ്സിന്റെ ആദ്യ ചിത്രം ഏതാണെന്ന ആകാംക്ഷയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
നാഗചൈതന്യയുമായി ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെന്ന് താരം വെളിപ്പെടുത്തിയിരുന്നു. വിവാഹ ജീവിതം പരാജയപ്പെട്ടത് ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷം ഒരുപാട് അനുഭവിച്ചു. ആ സമയങ്ങളില്‍ ഇതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി കൂടുതലറിയാന്‍ ശ്രമിച്ചെന്നും താരം വെളിപ്പെടുത്തിയിരുന്നു. അവരുടെ കഥകളാണ് എന്നെ രക്ഷപ്പെടുത്തിയത്. അതാണ് എനിക്ക് ബലമായത്. അവര്‍ക്ക് പറ്റുമെങ്കില്‍ എനിക്കും എല്ലാം അതിജീവിക്കാന്‍ പറ്റുമെന്ന് മനസ്സിലായെന്നും താരം പറഞ്ഞിരുന്നു.