മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല!!! സന്തോഷ് ശിവന്‍

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഇറങ്ങിയതോടെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ടി.പി.രാജീവനും ശങ്കര്‍ രാമകൃഷ്ണനും എഴുതിയ തിരക്കഥയാണ് സന്തോഷ് ശിവന്‍ സിനിമയാക്കാന്‍ ഒരുങ്ങിയിരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിക്കുകയും അതിന്റെ വര്‍ക്കുകള്‍ ആരംഭിച്ചതോടെ സന്തോഷ് ശിവന്‍ പിന്മാറുകയായിരുന്നു.

മുഹമ്മദ് അലി മരയ്ക്കാര്‍ എന്ന നാലാമത്തെ നാവിക പടത്തലവന്റെ കഥയാണ് ടി.പി.രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമയാക്കാനാണ് തീരുമാനിച്ചിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള മരയ്ക്കാര്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ടെന്നാണ് നിര്‍മാതാവ് ഷാജി നടേശനും പറയുന്നത്. അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മമ്മൂട്ടി ചിത്രത്തിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല.