ആമിര്‍ഖാന്റെ ഹിറ്റ് ചിത്രം ദംഗലില്‍ ബബിത ഫോഗട്ടിന്റെ വേഷം അവതരിപ്പിച്ച സുഹാനി ഭട്നാഗര്‍ അകാലത്തില്‍ വിട പറഞ്ഞു. സുഹാനിയുടെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 19ാം വയസില്‍ കരിയറില്‍ ഉയര്‍ച്ചയിലേക്ക് കടക്കാനിരിക്കെയാണ് സുഹാനി ലോകത്തോട് വിടപറഞ്ഞത്. ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു താരത്തിന്റെ മരണം.
ഇപ്പോഴിതാ സുഹാനിയുടെ ജീവനെടുത്ത രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് മാതാപിതാക്കള്‍. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഡെര്‍മറ്റൊമയോസിറ്റിസ് രോഗമായിരുന്നു സുഹാനിയ്ക്ക്. രണ്ട് മാസം മുന്‍പാണ് സുഹാനിയുടെ കൈയ്യില്‍ നീര് വന്ന് വീര്‍ത്തിരുന്നു. ആദ്യം ഇത് സാധാരണയാണെന്ന് കരുതി. പിന്നീട് നീര് മറ്റ് കൈയ്യിലേക്കും ശരീരം മുഴുവനും പടര്‍ന്നു. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. 11 ദിവസം മുന്‍പാണ് സുഹാനിയെ എയിംസില്‍ പ്രവേശിപ്പിച്ചു. അവിടുന്നാണ് ഡെര്‍മറ്റൊമയോസിറ്റിസ് ആണെന്ന് സ്ഥിരീകരിച്ചത്.
സ്റ്റിറോയ്ഡ് എടുക്കുക എന്നത് മാത്രമായിരുന്നു പ്രതിവിധി. സ്റ്റിറോയ്ഡ് എടുക്കുന്നത് സുഹാനിയുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചു. ഏറെ നാളത്തെ ചികിത്സയിലൂടെ മാത്രമേ രോഗത്തില്‍ നിന്ന് മുക്തി നേടാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗപ്രതിരോധ ശേഷി മോശമായതോടെ സുഹാനിക്ക് ഇന്‍ഫെക്ഷനായി. ശ്വാസകോശത്തെ ബാധിച്ചതോടെ ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസതടസവുമുണ്ടായി. അതാണ് കുഞ്ഞുപ്രായത്തിലെ നല്ലൊരു നടിയെ വിധി കവര്‍ന്നത്.