ഭ്രമയു​ഗം കണ്ട് കിളി പാറിയിരിക്കുന്നവർക്ക് മമ്മൂട്ടി വക ഒരു സർപ്രൈസ്! 100ഓളം ദിവസത്തെ അധ്വാനം, സന്തോഷം പങ്കുവെച്ച് താരം

ഭ്രമയു​ഗം കണ്ട് ത്രിൽ അടിച്ചിരിക്കുന്ന പ്രേക്ഷകരെ സന്തോഷത്തിന്റെ മറ്റൊരു വാർത്ത അറിയിച്ച് നടൻ മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് പുറത്ത് വിട്ടിട്ടുള്ളത്. നൂറോളം ദിവസം നീണ്ടുനിന്ന ഷൂട്ടിന് പാക്കപ്പ് ആയ വിവരം സോഷ്യൽ മീ‍ഡിയ പോസ്റ്റിലൂടെ മമ്മൂട്ടി അറിയിക്കുകയായിരുന്നു. ടർബോ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടർബോ. നൂറ് ദിവസം ഷൂട്ടിങ്ങുള്ള ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതാണ്. മമ്മൂട്ടി കമ്പനി ആണ് നിർമ്മാണം. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ടർബോ ഒരു അക്ഷൻ- കോമഡി എൻറർടെയ്നർ ആയിരിക്കുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ തുറന്നു പറഞ്ഞിരുന്നു. അതേസമയം, മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. ടോളിവുഡ് താരം സുനിലും ചിത്രത്തിൻറെ ഭാഗമാണ്.

വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജസ്റ്റിൻ വർ​ഗീസ് ആണ്. എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈൻ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയാണ് നിർമാണം. ഇവരുടെ ആദ്യ ആക്ഷൻ എൻറർടെയ്നർ കൂടിയാണിത്.