
ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ബ്ലെസി പറഞ്ഞ കാര്യം വലിയ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഒരു പതിപ്പിനെ കുറിച്ചാണ് സംവിധായകൻ പറയുന്നത്.

“കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവലില്‍ ഞാന്‍ ഒരു സിനിമ കണ്ടതുപോലെ വായിച്ച ഓരോരുത്തരുടെയും മനസില്‍ ഓരോ വിഷ്വല്‍ ഉണ്ടായിരിക്കും എന്നതാണ് ആടുജീവിതം സിനിമയാക്കുമ്പോള്‍ രചനാഘട്ടത്തില്‍ നേരിട്ട വലിയ വെല്ലുവിളി. 43 അധ്യായങ്ങളിലായി മൂന്നര വര്‍ഷത്തെ ജീവിതം പറയുന്ന നോവലാണ് അത്. അത് അതേപോലെ സിനിമാരൂപത്തിലേക്ക് മാറ്റണമെങ്കില്‍ ഒന്‍പതോ പത്തോ മണിക്കൂറുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഷൂട്ട് ചെയ്ത ഫസ്റ്റ് എഡിറ്റ് തന്നെ മൂന്നര മണിക്കൂറാണ് ഉള്ളത്. മൂന്നര മണിക്കൂര്‍ തിയറ്ററില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യം നമുക്കൊക്കെ അറിയാവുന്നതുകൊണ്ടുതന്നെയാണ് അതിന്റെ ദൈര്‍ഘ്യം കുറച്ചത്”, ബ്ലെസിയുടെ വാക്കുകള്‍. തൊട്ടുപിന്നാലെ ആ പതിപ്പ് പിന്നീട് റിലീസ് ചെയ്യില്ലേയെന്ന് പൃഥ്വിരാജിന്റെ ചോദ്യം വന്നു. “അത് പിന്നീട് നമുക്ക് റിലീസ് ചെയ്യാന്‍ പറ്റുന്നതാണ്”, ബ്ലെസിയുടെ മറുപടി.
മൂന്നര മണിക്കൂര്‍ പതിപ്പ് എവിടെയാണ് കാണാനാവുകയെന്ന് സംവിധായകൻ പറഞ്ഞിട്ടില്ല. ഒടിടി റിലീസ് ആയി എത്താനാണ് സാധ്യത. ഓസ്കർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.











