20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവ് ഒരുങ്ങുന്നു, കടൽ സംഘർഷത്തിന്റെ കഥ പറയുന്ന പെപ്പെ ചിത്രം, കരിയറിലെ ഏറ്റവും വമ്പൻ പടം!

ആന്റണി വർഗീസ് നായകനായ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സംവിധാനം നിർവഹിക്കുന്നത് അജിത് മാമ്പള്ളിയാണ്. നീണ്ടുനിൽക്കുന്ന കടൽ സംഘർഷത്തിന്റെ കഥയാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. പേര് പുറത്തുവിട്ടിട്ടില്ലാത്ത ആന്റണി വർഗീസ് ചിത്രത്തിനായി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോർട്ട്.

ആന്റണി വർഗീസ് നായകനാകുന്ന ആക്ഷൻ ചിത്രത്തിനായി കൊല്ലം കുരീപ്പുഴയിൽ 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. ഓണം റിലീസായി ആന്റണി വർഗീസ് ചിത്രം എത്തും. രാജ് ബി ഷെട്ടിക്ക് പുറമേ ചിത്രത്തിൽ ഷബീർ കല്ലറയ്ക്കലും നിർണായക വേഷത്തിലുണ്ട്. സോളോ നായകനായി പെപ്പെയുടെ കരിയറിലെ ചിത്രങ്ങളിൽ ഉയർന്ന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണം ഏപ്രിലിൽ പൂർത്തിയാകും.

ചിത്രം നിർമിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ ആണ്. സോഫിയ പോളാണ് നിർമാതാവ്. കടലിന്റെ പശ്ചാത്തലത്തിലുളള ഒരു പ്രതികാര കഥയുമായി ചിത്രം എത്തുമ്പോൾ ആന്റണി വർഗീസ് നായകനായി ആക്ഷനും പ്രധാന്യം നൽകുന്നു. കെജിഎഫ് ഒന്ന്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ആന്റണി വർഗീസ് നായകനായെത്തുമ്പോഴും സ്റ്റണ്ട് കൊറിയോഗ്രാഫർ. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും ചിത്രത്തിൽ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം ദീപക് ഡി മേനോൻ. ശരത് സഭ, നന്ദു, സിറാജ് തുടങ്ങിയവർക്കൊപ്പം ജയക്കുറുപ്പ്, ആഭാ എം. റാഫേൽ, ഫൗസിയ മറിയം ആന്റണി എന്നിവരും നിർണായക വേഷത്തിൽ എത്തുമ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും പിആർഒ ശബരിയും ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരനുമാണ്.