‘വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ’!! സെല്‍ഫ് ട്രോളുമായി ദീപക് പറമ്പോല്‍

മലയാള സിനിമാ ലോകം ഒരു താരവിവാഹത്തിന് കൂടി കാത്തിരിക്കുകയാണ്. നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോഴിതാ താരങ്ങളുടെ സേവ് ദി ഡേറ്റാണ് ശ്രദ്ധേയമാകുന്നത്. സെല്‍ഫ് ട്രോളായിട്ടാണ് ദീപക് ചിത്രം പങ്കുവച്ചത്.

മനോഹരം സിനിമയിലെ വൈറലായ രംഗവും ചേര്‍ത്താണ് താരവിവാഹ വാര്‍ത്ത പുറതത്തെത്തിയത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ കഥാപാത്രം അപര്‍ണ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ‘ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തില്‍ ഉണ്ടാവില്ല. ഇവന്റെ വീട്ടില്‍ ഫോട്ടോഷോപ്പ് എന്നല്ല വെളിച്ചെണ്ണ വാങ്ങിക്കാന്‍ പോലും നീ വന്നു എന്നറിഞ്ഞാല്‍ അതിലും വലിയ നാണക്കേട് വേറെയുണ്ടാവില്ല’ എന്ന് പറയുന്ന രംഗവും പങ്കുവച്ചാണ് ദീപക് വിവാഹ വാര്‍ത്തയറിയിച്ചത്.

‘വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ’ എന്നു പറഞ്ഞാണ് ദീപക് വീഡിയോ പങ്കുവച്ചത്. ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് താരങ്ങളുടെ വിവാഹം. വിനീത് ശ്രീനിവാസന്റെ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ‘തട്ടത്തിന്‍ മറയത്ത്’, ‘തിര’, ‘കുഞ്ഞിരാമായണം’, ‘രക്ഷാധികാരി ബൈജു’, ‘ബി ടെക്ക്’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘മഞ്ഞുമ്മല്‍ ബോയ്‌സി’ല്‍ വരെ ദീപക് ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ അണിനിരക്കുന്ന റിലീസിന് ഒരുങ്ങിയിരിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ആണ് ദീപകിന്റെ പുതിയ ചിത്രം.
aparna-das-in-red-saree
ഫഹദ് ഫാസില്‍ നായകനായ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമാ ലോകത്തെത്തിയത്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിലൂടെ കോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായും ശ്രദ്ധേയായി. തെലുങ്കിലേക്കും അപര്‍ണ ചുവടുവച്ചു കഴിഞ്ഞു.’ആദികേശവ’യാണ് തെലുങ്ക് ചിത്രം. മലയാളത്തില്‍ റിലീസിന് ഒരുങ്ങിയിരിക്കുന്ന ‘സീക്രട്ട് ഹോം’ ആണ് താരത്തിന്റെ പുതിയ ചിത്രം.