
ജയ് ഭീമിന്റെ സംവിധായകൻ സാക്ഷാൽ രജനികാന്തിനൊപ്പം ചേരുന്നു എന്നുള്ളത് കൊണ്ട് തന്നെ വേട്ടൈയൻ എന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ടി ജെ ഝാനവേൽ സൂപ്പർ സ്റ്റാറിനൊപ്പം ഒന്നിക്കുമ്പോൾ വമ്പൻ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. വേട്ടൈയൻ സിനിമയുടെ പുതിയ ഒരു അപ്‍ഡേറ്റ് ആണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. വേട്ടൈയനിലെ ഗാന രംഗത്ത് രജനികാന്തിനൊപ്പം അനിരുദ്ധ് രവിചന്ദറുമുണ്ടാകുമെന്നാണ് വിവരം. ഒക്ടോബറില്ലാണ് ചിത്രം റിലീസാകുന്നത്.
വേട്ടൈയനിൽ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്‍ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിൽ അഭിനയിക്കുന്നുണ്ട്. വിക്രമിലെ ഉൾപ്പെടെ വേഷം കൊണ്ട് തമിഴിൽ ആരാധകരെ സൃഷ്ടിച്ച ഫഹദും പ്രധാന വേഷത്തിലെത്തും. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിലും രജനി നായകനാകും. കൂലി എന്നാണ് ചിത്രത്തിന്റെ പേര്. ബോളിവുഡ് നടൻ രൺവീർ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുവെന്നുള്ള വിവരങ്ങൾ ഇതിനിടെ പുറത്ത് വന്നിരുന്നു.











