കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’വിന് ഇനിയും കാത്തിരിക്കേണ്ടി വരും!!

കോളിവുഡ് ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനാകുന്ന ‘ഇന്ത്യന്‍ 2’. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ അപ്‌ഡേറ്റ്.

ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രതതിന്റെ റിലീസ് ജൂലൈയിലേക്ക് നീട്ടിയെന്നാണ് റിപ്പോര്‍ട്ട്. 2019ലാണ് ഇന്ത്യന്‍ 2വിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് കാരണം ഷൂട്ട് നീണ്ടു പോവുകയായിരുന്നു. പിന്നീട് 2022-ലാണ് വീണ്ടും ഇന്ത്യന്‍ 2വിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

റിലീസിന് ഒരുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീണ്ടും റിലീസ് നീട്ടിയിരിക്കുന്നത്. പ്രഭാസ്- നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898AD’ ജൂണ്‍ 27ന് റിലീസ് പ്രഖ്യാപിച്ചിരുന്നു, പിന്നാലെ ‘ഇന്ത്യന്‍ 2’ ജൂണ്‍ 13 ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശങ്കര്‍ ഇപ്പോള്‍ രാം ചരണിന്റെ ‘ഗെയിം ചേഞ്ചര്‍’ എന്ന സിനിമയുടെ വര്‍ക്കുകളിലാണ്. അതിനോടൊപ്പം തന്നെ ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ 2 വും ഇന്ത്യന്‍ 3 യും ഷൂട്ടിങ് പൂര്‍ത്തിയായെന്നും ഇന്ത്യന്‍ 2ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.