
സിനിമാ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു വച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. നാടകത്തില്‍ നിന്നാണ് കനകലത സിനിമയിലേക്ക് എത്തിയത്. മിനിസ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷമാണ് കനകലതയുടെ സഹോദരി വിജയമ്മ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് രോഗം രൂക്ഷമായത്. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെ തുടര്‍ന്നു ഡിമന്‍ഷ്യ എന്ന രോഗമാണെന്ന് കണ്ടെത്തി. എംആര്‍ഐ സ്കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. തുടര്‍ന്ന് ചികിത്സയിലായിരുന്നു. 16 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കനകലത വിവാഹമോചിതയായിരുന്നു. മക്കളില്ല.

ലെനിന് രാജേന്ദ്രന്റെ ചില്ലിലൂടെയാണ് നടി മലയാള സിനിമയില്‍ സജീവമായത്. രാജാവിന്റെ മകന്, കിരീടം, അപ്പു, ഇന്‍സ്പെക്ടര്‍ ബല്‍റാം, കൗരവര്‍, മാനത്തെ കൊട്ടാരം, ആദ്യത്തെ കണ്മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, പ്രിയം തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. മുന്നൂറോളം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും കനകലത സജീവമായിരുന്നു.











