ആടുജീവിതത്തിന് പിന്നാലെ ബ്ലെസിയ്ക്ക് ഗോള്‍ഡന്‍ വിസയും!!

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകനാണ് ബ്ലെസി. ആരാധകമനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ബ്ലെസി. കാഴ്ചയും തന്മാത്രയും പളുങ്കുമെല്ലാം ആ സംവിധാന മികവിന്റെ ഉദാഹരണങ്ങളാണ്. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതവുമായാണ് ബ്ലെസിയെത്തിയത്. മണലാരണ്യത്തിലെ നജീബിന്റെ കരളലിയിക്കുന്ന ജീവിതമാണ് ബ്ലെസി സിനിമയാക്കിയത്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയത്.

ഇപ്പോഴിതാ ആടുജീവിതത്തിന്റെ വന്‍ വിജയത്തിന് ശേഷം ബ്ലെസിയെ തേടി പുതിയ സന്തോഷവും എത്തിയിരിക്കുകയാണ്. ബ്ലെസിയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരിക്കുകയാണ് യുഎഇ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി ബ്ലെസിയ്ക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. ഒട്ടേറെ മികച്ച ചിത്രങ്ങളുടെ സംവിധായകനും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ബ്ലെസി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് യുഎഇയുടെ ആദരം.

പത്ത് വര്‍ഷത്തെ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ. അംഗീകാരത്തിന് ബ്ലെസി യുഎഇക്കും ഇസിഎച്ചിനും നന്ദിയും അറിയിച്ചു. ഇതിനോടകം തന്നെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

ആടുജീവിതമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ ഒടുവിലെത്തിയ ചിത്രം. പൃഥ്വിരാജാണ് ചിത്രത്തില്‍ നജീബായി എത്തിയത്. കെ ആര്‍ ഗോകുല്‍,ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയത്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചത്.