
നിവിന്‍ പോളി നായകനായെത്തിയ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന സംവിധായകന് നിഷാദ് കോയയുടെ ആരോപണം വലിയ വിവാദമായിരുന്നു. ചിത്രത്തിന്റെ റിലീസിന് തലേന്നാണ് മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയോട് സാമ്യമുള്ള കഥ നിഷാദ് കോയ സോഷ്യലിടത്ത് പങ്കുവച്ചത്. പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരിടുന്നത്.
ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഡിജോ ജോസ് ആന്റണി. താന്‍ മോഷ്ടിച്ച് സിനിമ ചെയ്യുന്ന ആളല്ല. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ വിഷമമുണ്ടെന്നും ഡിജോ പറയുന്നു. പ്രശ്നങ്ങള്‍ നടക്കുന്ന സമയത്ത് തങ്ങള്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നുവെന്ന് ഡിജോ പറയുന്നു.

സിനിമ റിലീസ് ചെയ്ത ആദ്യദിനം മുതലേ സിനിമയെ താഴ്ത്തിക്കെട്ടാന്‍ ശ്രമം നടക്കുകയാണ്. ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് പോലും ഇടാന്‍ സാധിക്കുന്നില്ല. റിലീസ് ചെയ്ത ആദ്യദിനം മുതല്‍ ഡീഗ്രേഡിങ് നേരിടുകയാണ്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഇന്‍ഡസ്ട്രിയില്‍ വന്നത്. ആറു കൊല്ലമായി ഇന്‍ഡസ്ട്രിയിലെത്തിയിട്ട്.
കട്ടിട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്. ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോള്‍ മലയാളി ഫ്രം ഇന്ത്യ കോപ്പിയടിച്ചു എന്നൊക്കെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ നിറയുന്നത്. ഞാനൊരു സംവിധായകനാണ്, അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് കൃത്യത വേണ്ടേ എന്നും ഡിജോ ചോദിക്കുന്നു.

സിനിമകളുടെ പ്രമോഷന് തനിക്ക് തന്റേതായ രീതിയുണ്ട്. മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷനില്‍ പാളിച്ച സംഭവിച്ചിട്ടില്ല. സെക്കന്‍ഡ് ഫാഫില്‍ സിനിമയുടെ സ്വഭാവം മാറി സീരിയസ് ആകുന്നുണ്ട്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച ഹ്യൂമര്‍ ആണ് അവര്‍ക്ക് കിട്ടുന്നുണ്ടെന്നും ഡിജോ വ്യക്തമാക്കി.











