ഈവര്‍ഷം മലയാള സിനിമയുടെ തലവരമാറ്റിയ ചിത്രമാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ്. ബോക്സോഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്. ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും മഞ്ഞുമ്മല്‍ ബോയ്സിനാണ്. ചിത്രത്തിന്റെ സെറ്റൊരുക്കിയതും ടെക്നിക്കല്‍ വശവും മ്യൂസിക്കും മറ്റുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്. ഗുഹയ്ക്കകത്തുവെച്ചുള്ള ശ്രീനാഥ് ഭാസിയുടെ രംഗങ്ങളില്‍ അദ്ദേഹത്തിന് ഉപയോഗിച്ച മേക്കപ്പിനേക്കുറിച്ചാണ് ചിദംബരം വെളിപ്പെടുത്തിയത്.
ഗുഹക്കുള്ളിലേക്ക് വീണ സുഭാഷിനെ കുഴികളില്‍ വെച്ച് കാണിക്കുന്ന ആദ്യ ഷോട്ടില്‍ അയാളുടെ ഭീകരത കാണിക്കാന്‍ ഉപയോഗിച്ച തന്ത്രമാണ് ചിദംബരം പുറത്തുവിട്ടത്. പ്രേക്ഷകരെ ഒന്നടങ്കം നടുക്കിയ രംഗമായിരുന്നു ശ്രീനാഥ് ഭാസിയുടെ സുഭാഷ് എന്ന കഥാപാത്രം ദേഹമാസകലം പരിക്കുകളുമായി, ഗുഹയില്‍ കിടക്കുന്നത്. പരിക്കിന്റെ തീവ്രത കാണിക്കാന്‍ ഉപയോഗിച്ചത് പ്രോസ്ത്തറ്റിക്ക് മേക്കപ്പ് അല്ല. അത് മുഴുവന്‍ ഓറിയോ ബിസ്ക്കറ്റാണ്. ഒരു മേക്കപ്പ് ടെക്നിക്കാണത്. റോണെക്സാണ് മേക്കപ്പ് ചെയ്തത്. ഒരുപാട് സീനിയര്‍ ആയിട്ടുള്ള മേക്കപ്പ് മാനാണ് അദ്ദേഹം.
മഴ പെയ്തതിന് ശേഷമുള്ള ചെളിയായിരുന്നു ദേഹത്ത് കാണിക്കേണ്ടത്. ക്ലൈമാക്സില്‍ ഭാസിക്ക് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില സംഗതികള്‍. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയര്‍ ആയ മേക്കപ്പ്മാനാണ്. ബിസ്ക്കറ്റ് തേച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന് പോലും ഞെട്ടിപ്പോയിരുന്നെന്നും ചിദംബരം പറയുന്നു.
യഥാര്‍ഥ സംഭവമാണ് ചിദംബരം സിനിമയാക്കിയത്. കൊച്ചി മഞ്ഞുമ്മലില്‍ നിന്ന് 2006-ല്‍ കൊടൈക്കനാലിലേക്ക് ടൂര്‍ പോയ സംഘത്തിനുണ്ടായ അസാധാരണ സംഭവമാണ് ചിദംബരം ചിത്രമാക്കിയത്. ഗുണാകേവില്‍ വീണ് ആദ്യമായൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് സുഭാഷ്. സിജു എന്ന സുഹൃത്താണ് സുഭാഷിനെ രക്ഷപ്പെടുത്തുന്നത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായത്.