ഒന്നും മറന്നിട്ടില്ല! അമ്മയായ ചാർളിയെ കാണാൻ ഓടിയെത്തി രക്ഷിത് ഷെട്ടി

നായയും മനുഷ്യനും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘777 ചാർളി’. രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരുടെ കണ്ണുകൾ നിറച്ചു. മലയാളിയായ കിരൺ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാർളി. കന്നഡയിൽ ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും സിനിമ നേടുകയുണ്ടായി. 20 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രം ബോക്‌സ്‌ഓഫിസിൽ നിന്നും 100 കോടിയാണ് നേടയത്.

ഇപ്പോൾ വലിയൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി. ചിത്രത്തിൽ അഭിനയിച്ച ചാർളി അമ്മയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ രക്ഷിത് ഈ സന്തോഷ വാർത്ത അറിയിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞുങ്ങളെയും കാണാനെത്തിയ വീഡിയോ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലാബ്രഡോർ ഇനത്തിൽപ്പെടുന്ന നായ ആറ് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. 777 ചാർളി എന്ന സിനിമ പൂർണമായത് ഇപ്പോഴാണ് എന്നാണ് രക്ഷിത് കുറിച്ചത്. നായ പരിശീലകനായ ബി സി പ്രമോദ് ആണ് ഇപ്പോൾ ചാർളിയെ സംരക്ഷിക്കുന്നത്. കുഞ്ഞുങ്ങൾ ജനിച്ച വിവരം അറിഞ്ഞ താരം ചാർളിയെ കാണാനായി മൈസൂരിലേക്ക് എത്തുകയായിരുന്നു.