
കോഴിക്കോടെ ഏറ്റവും വലിയ സിനിമ തീയേറ്റർ വീണ്ടും തുറക്കുന്നതിന്റെ ആവേശത്തിൽ ചലച്ചിത്ര പ്രേമികൾ. 52 വര്‍ഷത്തെ ചരിത്രം പറയാനുള്ള കോഴിക്കോട് അപ്സര തീയറ്റര്‍ ആണ് ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം തുറന്ന് പ്രവർത്തിക്കാൻ പോകുന്നത്. 1000 പേര്‍ക്ക് വരെ ഒന്നിച്ച് സിനിമ കാണാൻ സാധിച്ചിരുന്ന അപ്സര തീയേറ്റർ കഴിഞ്ഞ മെയിലാണ് അടച്ചത്. ഒരുപാട് മികച്ച സിനിമകളുടെ നിർമ്മാതാവായി തിളങ്ങിയ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രൈംസ് തീയറ്റര്‍ ഏറ്റെടുത്തതോടെയാണ് അപ്സരയ്ക്ക് വീണ്ടും ജീവൻ വച്ചത്.
മാജിക് ഫ്രൈംസ് അപ്സര എന്ന പേരിലാണ് തീയറ്റര്‍ ഇനി പ്രവർത്തിക്കുക. സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനങ്ങൾ കൊണ്ട് വന്നും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ, 1000 പേര്‍ക്ക് ഇരിക്കാനാകുമെന്ന തീയറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത അതുപോലെ തന്നെ നിലനിർത്തുകയും ചെയ്തു. മെയ് 23നാണ് അപ്സര തീയറ്റര്‍ വീണ്ടും തുറക്കുന്നത്. വൈശാഖ് – മമ്മൂട്ടി ടീമിന്റെ ടർബോ ആണ് ആദ്യ റിലീസ്.
മ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 23-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’.











