നന്മ മരത്തെ കണ്ടെത്താനുള്ള ഷോയല്ലല്ലോ…ബിഗ് ബോസ് ഷോയെ കുറിച്ച് കിടിലം ഫിറോസ്

മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഷോയുടെ ആറാം സീസണ്‍ ആവേശത്തോടെ പുരോഗമിയ്ക്കുകയാണ്. നിലവില്‍ ഏഴ് മത്സരാര്‍ഥികളുമായി ഫിനാലെയോട് അടുത്തിരിക്കുകയാണ്. സീസണ്‍ 3ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ആര്‍ജെ കിടിലം ഫിറോസ്. അടുത്തിടെ ഷോയെ കുറിച്ച് മുന്‍ മത്സരാര്‍ഥികള്‍ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിറോസ്.

സമൂഹത്തെ ഉദ്ധരിക്കാന്‍ വേണ്ടി ആരും ഒന്നും ചെയ്യേണ്ട ആവശ്യമില്ല, അങ്ങനെയെങ്കില്‍ സീസണ്‍ വണ്‍ കഴിഞ്ഞത് മുതല്‍ സാബു ചേട്ടന്‍ ഇടപെട്ടു കൊണ്ടേയിരിക്കണ്ടേ. അദ്ദേഹം സ്വന്തം കാര്യം നോക്കി പോവുകയല്ലേ. ബിഗ് ബോസ് കഴിഞ്ഞ് വലിയൊരു അവസരം തേടി വരും, അതുവഴി നമ്മള്‍ അങ്ങ് കേറി പോകും എന്നൊക്കെ പ്രതീക്ഷിക്കുന്നവരുണ്ടാകും. പക്ഷെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. അതൊരു മിഥ്യാധാരണയാണെന്ന് ഫിറോസ് പറയുന്നു.

നെഗറ്റീവ് കണ്ടന്റുള്ള ഷോയാണ് ബിഗ് ബോസ്. അതില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും ഇമേജും നെഗറ്റീവ് ആകും. നന്മ മരത്തെ കണ്ടെത്താനുള്ള ഷോയൊന്നുമല്ല അത്. സൂപ്പര്‍ താരങ്ങളിലും നെഗറ്റീവ് പറയുന്നവരും പോസിറ്റീവ് പറയുന്നവരും ഉണ്ടല്ലോ. അതുപോലെ ഒരു മത്സരാര്‍ത്ഥിയായി ബിഗ് ബോസിലെത്തുമ്പോള്‍ പോസിറ്റീവായി കാണുന്നവരും നെഗറ്റീവായി കാണുന്നവരുമുണ്ട്.

എന്തുകൊണ്ടാണ് ആളുകള്‍ ബിഗ് ബോസിലേക്ക് പോകുന്നതെന്നും താരം പറയുന്നു.
രണ്ട് കാര്യങ്ങളാണ് ഷോയിലേക്ക് ആളുകളെത്തുന്നതിന് കാരണം. ഒന്ന് പ്രശസ്തിയ്ക്ക് വേണ്ടിയാണ്. രണ്ടാമത്തേത് ജീവിക്കാന്‍ അത്യാവശ്യം പൈസ കിട്ടണം. ഇത് രണ്ടും ഒരാള്‍ വാഗ്ദാനം ചെയ്യുകയാണ് ലോകത്തിലെ ഏറ്റവും വലിയ ഷോ. രാജ്യം ചര്‍ച്ച ചെയ്യുന്ന ഷോ.

ലെജന്ററിയായ നടന്‍ അവതാരകനെയാണ് ഷോയില്‍ വിളിക്കുന്നത്. പറഞ്ഞുറപ്പിക്കുന്ന കാശ് കിട്ടും. നമ്മുടെ ഡിമാന്റ് അനുസരിച്ചിരിക്കും. ചില്ലറക്കാശല്ല. നാല്‍പ്പതിനായിരം ചോദിച്ചാല്‍ മുപ്പത്തയ്യായിരമോ മുപ്പതിനായിരമോ കിട്ടും. വേണ്ടെന്ന് പറയുമോ? ഫിറോസ് വ്യക്തമാക്കുന്നു.

ഷോയില്‍ പോകുന്ന ഒരു മത്സരാര്‍ത്ഥിയും തന്റെ നിലയും വിലയും കളയാന്‍ ഒന്നും ചെയ്യുന്നില്ല. മറ്റുള്ളവര്‍ വിലയിരുത്തുകയാണ്, ഇങ്ങനെയാണ് എന്നൊക്കെ. മറ്റുള്ളവരുടെ ജഡ്ജ്‌മെന്റിനെ നമ്മള്‍ ഗൗനിക്കുന്നില്ലെങ്കില്‍ അതില്‍ ഒരു കാര്യവുമില്ല. എല്ലാ ഭാഷകളിലും ബിഗ് ബോസ് ഷോയുണ്ട്. എല്ലായിടത്തും നെഗറ്റീവ് തന്നെയാണ് ഷോയുടെ ഔട്ട് കം. പണമാണ് പ്രധാന ആകര്‍ഷണം. കാശു കിട്ടുന്ന, പ്രശസ്തി കിട്ടുന്ന ഇടത്തേക്ക് ഒരാള്‍ പോകും. അത് എങ്ങനെ വിനിയോഗിക്കും എന്നതാണ് ശ്രദ്ധേയം എന്നും ഫിറോസ് വ്യക്തമാക്കുന്നു.