‘അമ്മ’യെ നയിക്കാന്‍ മോഹന്‍ലാല്‍ തന്നെ!! താരരാജാവിന് ഇത് മൂന്നാം ഊഴം

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും. എതിരില്ലാതെയാണ് മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലിന് ഇത് മൂന്നാമത്തെ ഊഴമാണ്.

അതേസമയം, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്ക് തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനുമാണ് മത്സരിക്കുന്നത്.

ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള മത്സരം കടുത്തതായിരിക്കും എന്നാണ് കരുതുന്നത്. ശ്വേത മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. ഈ പദവികളിലേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്. അമ്മ രൂപീകരിച്ച 1994 മുതല്‍ സംഘടനയില്‍ സജീവമായിരുന്നു ഇടവേള ബാബു. അടുത്തിടെയാണ് ഇടവേളയെടുക്കുന്നെന്ന് താരം വ്യക്തമാക്കിയത്.