ഇത് മഹാ പന്ന ഏർപ്പാടാണ്, അങ്ങേരുടെ കുടുംബത്ത് കാണിച്ചാൽ മതി; ആസിഫിന് പിന്തുണയുമായി നടി മഞ്ജുവാണി ഭാഗ്യരത്നം

സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ -ആസിഫ് അലി വിവാദത്തിൽ പ്രതികരണവുമായി നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണെന്ന് മഞ്ജുവാണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

മഞ്ജുവാണിയുടെ പോസ്റ്റ്

ആസിഫ് അലിയെക്കാൾ മേന്മ ജയരാജിൽ രമേഷ് നാരായണൻ കാണുന്നതിൽ എന്താ തെറ്റ്? ഒരു തെറ്റുമില്ല, അത് പക്ഷെ അങ്ങേരുടെ കുടുംബത്ത് കാണിച്ചാൽ മതി എന്ന് മാത്രം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. അല്ലെങ്കിൽ അത്രമേൽ ദ്രോഹം ഒരുവൻ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ…

മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവൻ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി ചിത്രം ‘മനോരഥങ്ങളു’ടെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു ആസിഫ് അലിയെ അപമാനിച്ച സംഭവം നടന്നത്. ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം ഒരുക്കിയ രമേഷ് നാരായണിനെ അനുമോദിക്കാന്‍ ആസിഫ് അലിയെ ക്ഷണിച്ചു. എന്നാല്‍ ആസിഫ് പുരസ്കാരം നല്‍കിയത് ഇഷ്ടപെടാത്ത രമേഷ്,സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്കാരം വാങ്ങിക്കുക ആയിരുന്നു.