എനിക്ക് വലുത് എന്റെ മെന്റൽ ഹെൽത്ത് ആയിരുന്നു, ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ ജ്യോത്സന കുറച്ച് കാലം കേരളത്തിൽ ഉണ്ടായിരുന്നില്ല. യുകെയിൽ ആയിരുന്നു ജ്യോത്സന. എന്തിനാണ് കേരളം വിട്ട് വിദേശത്തേയ്ക്ക് പോയത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോത്സന ഇപ്പോൾ. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ 2022 മുതല്‍ രണ്ട് വര്‍ഷത്തേക്ക് യുകെയിലേക്ക് പോയതിനെക്കുറിച്ച് ജ്യോത്സന സംസാരിക്കുന്നത്. യുകെയിലെ ജീവിതത്തെപ്പറ്റിയും ജ്യോത്സന ഈ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സ്ഥിരമായി അങ്ങോട്ടേക്ക് മാറാന്‍ പ്ലാനില്ലായിരുന്നു എന്നാണ് ജ്യോത്സന പറയുന്നത്. തനിക്കുമില്ല, ഭര്‍ത്താവ് ശ്രീകാന്തിനുമില്ല. എന്നാൽ പക്ഷെ പല പല കാരണങ്ങള്‍ കൊണ്ടും ഒരു മാറ്റം വേണമെന്നും കരുതിയിരിക്കുമ്പോള്‍ കൃത്യമായി ആ സമയത്ത് ശ്രീകാന്തിന് ഒരു ഓഫര്‍ വന്നു. എന്ത് ചെയ്യണമെന്ന് അപ്പോൾ കണ്‍ഫ്യൂഷനായിരുന്നു. സത്യത്തില്‍ താന്‍ അപ്പോൾ നാട്ടില്‍ തന്നെ കരിയറിന്റെ നല്ല തിരക്കിലുമായിരുന്നു. നാട് വിട്ട് പോകുമ്പോള്‍ അതിനെയൊക്കെ പ്രതികൂലമായി ബാധിക്കുമായിരുന്നു. പക്ഷെ താന്‍ അപ്പോൾ കരുതിയത്, തന്റെ മെന്റല്‍ ഹെല്‍ത്ത് ഒന്ന് സൂക്ഷിക്കണം എന്നായിരുന്നു. എഗ്രിമെന്റ് അയക്കുന്നതിന് മുമ്പായി, ഉറപ്പാണോ, താന്‍ അയക്കട്ടെ എന്ന് ശ്രീകാന്ത് ഒരു പത്ത് പ്രാവശ്യം തന്നോട് ചോദിച്ചിരുന്നു എന്നും. അയക്കൂ അവസാനം നോക്കാം എന്ന് താന്‍ പറഞ്ഞു എന്നും ജ്യോത്സന പറയുകയാണ്.

ഈ പോക്ക് ഏതായാലും പെര്‍മനന്റ് അല്ല, കുറച്ചുനാള്‍ കഴിയുമ്പോള്‍ തിരിച്ചു വരും എന്നുറപ്പായിരുന്നു. അങ്ങനെ രണ്ടും കല്‍പ്പിച്ച് യു കെയിലേക്ക് പോവുകയായിരുന്നു എന്നും ജ്യോത്സന പറയുന്നു. എന്നാൽ പക്ഷെ നാട്ടിൽ നിന്ന് മാറി നിൽക്കുന്നതിന് രണ്ട് വശവുമുണ്ട്. ഇവിടെയാണ് നല്ലതെന്നോ അവിടെയാണ് നല്ലതെന്നോ പറയാനാകില്ല. ഒന്നിനും ഒരു സഹായവുമില്ല. നമ്മള്‍ മാത്രമേയുള്ളൂ എന്നതാണ് ഒരു സെറ്റ് ബാക്ക്. അവിടെ ആയിരുന്നപ്പോഴും താന്‍ പരിപാടികള്‍ക്കായി യാത്രകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിലേക്ക് പരിപാടികള്‍ക്കായി വരുന്നില്ല എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു എന്നും യുഎസിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലുമെല്ലാം പരിപാടികള്‍ ചെയ്യുന്നുണ്ടായിരുന്നു എന്നും ജ്യോത്സന പറയുന്നു. അതിനാല്‍ യാത്രയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും മോന്റെ കാര്യങ്ങളുമൊക്കെ താൻ തന്നെ നോക്കണം. അവിടെ മാര്യേജില്‍ രണ്ടു പേരും തുല്യ പങ്കാളികളാണ്. രണ്ടു പേരും അഡ്ജസ്റ്റ് ചെയ്യണം. അവിടെ എക്‌സ്ട്രാ ഹെല്‍പ്പ് എന്നത് ഭയങ്കര എക്‌സ്‌പെന്‍സീവായ കാര്യമാണ്. അതിനാല്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നെ പുതിയൊരു സ്ഥലം, ആരേയും അറിയില്ല. അവിടത്തെ രീതികള്‍ വ്യത്യസ്തമാണ്. പിന്നെ കാലാവസ്ഥ. സിനിമയില്‍ കാണുമ്പോള്‍ ഹായ് മഞ്ഞ് എന്നൊക്കെ തോന്നും. പക്ഷെ നമ്മള്‍ താമസിക്കുമ്പോഴാണ് അതിന്റെ വ്യത്യാസം മനസിലാകുന്നത്. ഒരു സീസണും ഓരോ തരം വസ്ത്രങ്ങളാണ്. ജാക്കറ്റും ഷൂസും തൊപ്പിയുമൊക്കെ. പിന്നെ സൂര്യനില്ല. സമ്മറിലാണ് ശരിക്കും സൂര്യനെ കാണുന്നത്.

ഒക്ടോബറൊക്കെ ആയിക്കഴിഞ്ഞാല്‍ മൂന്ന് മണിയോടെ സൂര്യാസ്തമയം ആകും. പിന്നെ മൊത്തം ഇരുട്ടാണ്. അപ്പോഴാണ് സൂര്യന്റെ വിലയൊക്കെ മനസിലാകുന്നത്. സീസണല്‍ ഡിപ്രഷന്‍ എന്നൊന്നുണ്ട്. നമ്മുടെ മാനസികാവസ്ഥയെയൊക്കെ സൂര്യന്റെ അസാന്നിധ്യം ബാധിക്കും. അതൊക്കെ നമുക്ക് പുതുമയാണ്. ചില സമയത്ത് ഏകാന്തതയൊക്കെ അനുഭവിക്കാനാകും. പക്ഷെ നല്ല വശങ്ങളുണ്ട്. നല്ല വൃത്തിയുള്ള സ്ഥലങ്ങളാണ്. ആളുകള്‍ പരസ്പരം നന്നായിട്ടാണ് പെരുമാറുക. ക്യൂവൊക്കെ കൃത്യമായി നില്‍ക്കും. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടും നല്ലതാണ്. ഒരു കാര്യം നടത്തണമെങ്കില്‍ യാതൊരു ബുദ്ധിമുട്ടുകളില്ല. എല്ലാ നെയ്ബര്‍ഹുഡിലും പാര്‍ക്കുകളുണ്ട്. നിറയെ മരങ്ങളും പച്ചപ്പും. പിന്നെ ആളുകള്‍ തിരിച്ചറിയാത്തതിന്റെ ഗുണങ്ങളുമുണ്ട്. എവിടെ വേണമെങ്കിലും പോകാം. എന്തും ധരിക്കാം. എന്തും കഴിക്കാം. ആരും ഒന്നും ചോദിക്കാന്‍ വരില്ല എന്നടക്കമുള്ള യു കെയുടെ സാമൂഹിക ജീവിതത്തെപ്പറ്റിയും ജ്യോത്സന ഈയൊരു അഭിമുഖത്തിലൂടെ പറയുന്നുണ്ട്. നിലവിൽ ജ്യോത്സന കേരളത്തിൽ സെറ്റിൽഡ് ആണ്. അതെസമയം മലയാളികളുടെ പ്രിയ ഗായികയാണ് ജ്യോത്സന. അടിച്ചുപൊളി പാട്ടുകള്‍ക്കൊപ്പം തന്നെ മനം മയക്കുന്ന മെലഡികളും ജ്യോത്സന പാടിയിട്ടുണ്ട്. ഇപ്പോൾ ഗായിക എന്നതിലുപരിയായി റിയാലിറ്റി ഷോ വേദികളിൽ വിധികർത്താവായും ജ്യോത്സന സജീവമാണ്.