
നിരവധി സ്റ്റൈലിഷ് കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ദുൽഖർ സൽമാൻ തന്റെ ഇതുവരെയുള്ള കരിയറിൽ വളരെ വിരളമായി മാത്രമാണ് തനി നാട്ടിൻപുരട്ടുകാരനായിടുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. അതിൽ ഒന്നാണ് ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിലെ ലല്ലു എന്ന വേഷം . നിഖില വിമൽ നായികയായ സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. 2019ൽ പുറത്തിറങ്ങിയ സിനിമയുടെ കഥ എഴുതിയത് യുവനടന്മാരായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ചേർന്നാണ്. തമിഴ് തെലുങ്കു ഹിന്ദി ഭാഷകളിൽ സജീവമായ ദുൽഖർ സൽമാൻ ഒരിടവേളക്ക് ശേഷം ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തിയതും. വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാതെ വന്ന സിനിമയിലെ കോമഡി സീനുകൾ ഇപ്പോഴും ഇൻസ്റ്റ റീലിലൂടെയും മറ്റും പ്രേക്ഷകർ ആഘോഷിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ സിനിമയുടെ കഥ പറയാൻ ദുൽഖറിനെ സമീപിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ. സിനിമയിലെ കോമഡികൾ പറഞ്ഞപ്പോൾ ചിരിക്കാത്ത ദുൽഖർ നായിക മരിക്കുമെന്ന ട്വിസ്റ്റ് പറഞ്ഞപ്പോൾ അപ്രതീക്ഷിതമായി ചിരിക്കുകയാണുണ്ടായതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു. ഒരു യമണ്ടൻ പ്രേമകഥയുടെ സ്ക്രിപ്റ്റ് ദുൽഖറിനോട് പറയാൻ പോയപ്പോൾ ആദ്യം ടെൻഷനായിരുന്നു. പറഞ്ഞ് തുടങ്ങിയപ്പോൾ പുള്ളി ഇങ്ങനെ കേട്ടിരിക്കുന്നത് മാത്രമെ ഉണ്ടായുള്ളു. അത് കാണുമ്പോൾ ടെൻഷനായിരുന്നുവെന്നും വിഷ്ണു പറയുന്നു. സ്ക്രിപ്റ്റിൽ ഏറ്റവും പേടിയുണ്ടായിരുന്നത് ഹീറോയിന്റെ കഥാപാത്രം മരിച്ചുപോയി എന്നതായിരുന്നു.

നായകൻ ഇത്രയേറെ അന്വേഷിച്ച് നടന്നിട്ടും അവസാനം നായികയെ കാണുമ്പോൾ മരിച്ചുവെന്നതാണ് കഥ, അത് ദുൽഖർ എങ്ങനെ എടുക്കുമെന്നത് അറിയില്ല എന്നും മാത്രമല്ല നറേഷൻ സമയത്ത് തമാശ സീനുകൾ കേട്ട് പുള്ളി അത്രത്തോളം ചിരിച്ചതുമില്ല എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഓർക്കുന്നത്. പക്ഷെ നായിക മരിക്കുമെന്നത് പറഞ്ഞപ്പോൾ ദുൽഖർ ഒരു ചിരി ചിരിച്ചു. താനും ബിബിനും അത്ര സീരിയസായി പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു ദുൽഖറിന്റെ ചിരി. അത് കേട്ടപ്പോൾ പണി പാളിയോയെന്ന് തോന്നലാണ് ആദ്യം വന്നത്. കൂടാതെ നായിക മരിക്കുമെന്ന ട്വിസ്റ്റ് എക്സ്പെക്ട് ചെയ്തില്ലെന്നും ദുൽഖർ പറഞ്ഞു.അത് കേട്ടപ്പോൾ സന്തോഷമായി എന്നും ദുൽഖറിന് കഥ ഇഷ്ടമാവുകയാണ് ചെയ്തത് എന്നും വിഷ്ണു കൂട്ടിച്ചേർത്തു. അതുപോലെ സിനിമ ഷൂട്ട് ചെയ്യും മുമ്പ് ദുൽഖർ പറഞ്ഞത് അടക്കമുള്ള ചില കറക്ഷൻസ് ചെയ്തിട്ടാണ് ഷൂട്ട് തുടങ്ങിയത്. അത് പിന്നീട് ദുൽഖർ പറയുകയും ചെയ്തുവെന്നും വിഷ്ണു പറയുന്നു. താൻ സജഷൻസ് പറയുമ്പോൾ പൊതുവെ ആരും അത് സ്വീകരിച്ച് ചെയ്യാറില്ല. നിങ്ങൾ അത് മനസിലാക്കി ചെയ്തതിൽ സന്തോഷമെന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. ഒരു യമണ്ടൻ പ്രേമകഥയിൽ ഉദ്ദേശിച്ചതുപോലെ തന്നെ ആ സ്ലാങൊക്കെ പിടിച്ച് ദുൽഖർ നന്നായി പെർഫോം ചെയ്തുവെന്നും ആഗ്രഹിച്ചതുപോലെ ഫ്ലക്സിബിളായി ഡിക്യു താഴത്തേക്ക് ഇറങ്ങി വന്നുവെന്നത് വലിയ അത്ഭുതമായിരുന്നുവെന്നും ഞങ്ങൾക്കൊപ്പം അദ്ദേഹം വന്ന ഇന്റർവ്യൂസിലും വളരെ കാഷ്യലായാണ് സംസാരിച്ചതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.

അതേസമയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്നെല്ലാം മാറി കോടിക്കണക്കിന് ആരാധകരുള്ള പാൻ ഇന്ത്യൻ താരമായി മാറി കഴിഞ്ഞു മലയാളത്തിന്റെ കുഞ്ഞിക്കയായ നടൻ ദുൽഖർ സൽമാൻ എന്ന ഡിക്യു. പാൻ ഇന്ത്യൻ ലെവലിൽ ഇന്ന് ദുൽഖറിനോളം സ്റ്റാർ വാല്യുവുള്ള മറ്റൊരു മലയാള നടനില്ല. അത്രത്തോളം ആരാധകരെയാണ് സീതാരാമത്തിന്റെയും കൽക്കിയുടെയും വിജയത്തിനുശേഷം ദുൽഖറിന് ലഭിച്ചത്. കിങ് ഓഫ് കൊത്തയ്ക്കുശേഷം ഡിക്യുവിന് ബോളിവുഡിലും തെലുങ്കിലുമെല്ലാമായി ബിസി ഷെഡ്യൂളാണ്. താരത്തിന്റെ ഒരു മലയാള സിനിമ വരുന്നതിന് വേണ്ടിയാണ് കേരളക്കര കാത്തിരിക്കുന്നതും. ലക്കി ബാസ്ക്കറാണ് ദുൽഖർ സൽമാന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. അതേസമയം ഇടിയൻ ചന്തുവാണ് വിഷ്ണുവിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ നിർമാതാവ് കൂടിയാണ് വിഷ്ണു.











