ഒടുവിൽ വിവാദങ്ങളോട് പ്രതികരിച്ച് ധനുഷ്

പോയസ് ഗാർഡനിൽ വീട് വാങ്ങിയതുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ ധനുഷിനെപ്പറ്റി പ്രചരിച്ചിരുന്നു . രജിനീകാന്തിനോട് മത്സരിക്കാൻ ആണ് ധനുഷാവിടെ വീട് വാങ്ങിയത് എന്നായിരുന്നു ഈ പ്രചാരണങ്ങൾ. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ധനുഷ്. പോയസ് ​ഗാർ‍ഡനിൽ വീട് പണിയുന്നത് ഇത്ര വലിയ വിവാദമാകുമെന്ന് അറഞ്ഞിരുന്നെങ്കിൽ അവിടെ വീട് പണിയില്ലായിരുന്നു എന്നാണ് ധനുഷ് പറയുന്നത് . താൻ ആരു‌ടെ ആരാധകനാണെന്ന് നിങ്ങൾക്ക് അറിയാം. രജിനി സാറുടെ വലിയ ആരാധകനാണ് താൻ . അദ്ദേഹത്തിന്റെ വീ‌ട് പോയസ് ​ഗാർഡനിലാണ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെയും വീട് അവിടെയാണ്. പോയസ് ​ഗാർ‍ഡനിൽ ഒരു വീ‌ട് പണിയുകയെന്നത് തന്റെ ആ​ഗ്രഹമായിരുന്നെന്നും ധനുഷ് പറയുന്നു. താൻ ആരാണെന്ന് ദൈവത്തിനു അറിയാം. തന്റെ മാതാപിതാക്കൾക്കും ആരാധകർക്കും അറിയാമെന്നും ധനുഷ് പറയുന്നു. കരിയറിന്തു തുടക്ക കാലം മുതൽ തന്നെ ബോഡി ഷെയ്മിം​ഗിനും അനാവശ്യ വിവാദങ്ങൾക്കും ഇരയാക്കിയിട്ടുണ്ട്. എന്തുകൊണ്ട് തനിക്ക് പോയസ് ​ഗാർ‍ഡനിൽ ഒരു വീട് വാങ്ങിക്കൂടെന്നും ധനുഷ് ചോദിക്കുന്നു. പുതിയ ചിത്രം റായന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കവെയാണ് താരത്തിന്റെ പരാമർശം. ​

അതേസമയം അടുത്ത കാലത്ത് തമിഴകത്ത് മിക്കപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ നടനാണ് ധനുഷ്. ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹ മോചനം, ​ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും ധനുഷിന്റെ വാക്കുകളിലുണ്ടെന്നാണ് ആരാധകർ പറയുന്നത്. ധനുഷിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്. സുചി ലീക്ക്സിന് പിന്നിൽ ധനുഷും സംഘവുമാണെന്നും കൈവിട്ട് പോയ ഒരു പ്രാങ്കാണിതെന്നും സുചിത്ര ആരോപിച്ചു. തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറും ധനുഷും ചേർന്നാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോകൾ പുറത്ത് വിട്ടതെന്നും സുചിത്ര പറഞ്ഞു. ധനുഷിന്റെ കുടുംബം തകർന്നു. തന്നോട് ചെയ്ത ദ്രോഹത്തിന്റെ ഫലമാണിത്. ധനുഷും ഐശ്വര്യയും വിവാഹിതരായിരുന്നപ്പോൾ മറ്റ് ചിലരുമായി ഡേറ്റിം​ഗുണ്ടായി. ഇതാണ് ബന്ധം പിരിയാൻ കാരണമായതെന്നും സുചിത്ര വാദിച്ചു. സൂപ്പർതാരം രജിനികാന്തിന്റെ മകളായ ഐശ്വര്യയുമായി ധനുഷ് പിരിഞ്ഞപ്പോലും പല അഭ്യൂഹങ്ങളും വന്നു. ധനുഷിന്റെ ചില ബന്ധങ്ങളാണ് ഇതിന് കാരണമായതെന്നാണ് പ്രചരിച്ച ​ഗോസിപ്പ്. മാത്രവുമല്ല വിവാഹ മോചനത്തിൽ ധനുഷിന് നേരെ വ്യാപക വിമർശവും വന്നു. രജിനികാന്തിന്റെ മരുമകൻ എന്ന പേര് തമിഴകത്ത് ധനുഷിന്റെ കരിയറിൽ വലിയ സ്വാധാനമുണ്ടാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരാധകനാണ് താനെന്ന് ധനുഷ് പല തവണ ആവർത്തിച്ചതാണ്.

പേരും പ്രശസ്തിയുമായപ്പോൾ രജിനിയുടെ മകളെ ധനുഷ് ഉപേക്ഷിച്ചു എന്നാണ് ചില കടുത്ത രജിനി ആരാധകർ ഉന്നയിച്ച വാദം.പിന്നാലെ രജിനിയുടെ വീടുള്ള പോയസ് ​ഗാർഡനിൽ 100 കോടിക്ക് മുകളിൽ ചെലവിട്ട് ധനുഷ് ബം​ഗ്ലാവ് പണിതതും ചർച്ചയായി മാറി . ഐശ്വര്യയും രജിനികാന്തുമായും ധനുഷിനുള്ള ഈ​ഗോ ​ക്ലാഷാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് വാദം വന്നു. ധനുഷിനോടും വീട്ടുകാരോടും രജിനിയുടെ വീട്ടിൽ അനാദരവ് കാണിച്ചെന്നും ഈ വാശിയാണ് ധനുഷ് കോടികൾ മുടക്കി അവിടെ വീട് പണിയാൻ കാരണമെന്നും ​ഗോസിപ്പുകൾ വന്നു. അതേസമയം റയാൻ ആണ് ധനുഷിന്റെ പുതിയ ചിത്രം.പവർപാണ്ടി’ എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രായൻ’. ധനുഷ് തന്നെ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം താരത്തിന്റെ കരിയറിലെ അൻപതാമത് ചിത്രം കൂടിയാണ്. വയലൻസ് നിറഞ്ഞ ചിത്രമായതുകൊണ്ട് തന്നെ എ സെർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ചിത്രത്തിൽ വില്ലനായിട്ടായിരിക്കും പ്രകാശ് രാജ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിത്യാ മേനോൻ, അനിഖ സുരേന്ദ്രൻ,സന്ദീപ് കിഷൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.