
എത്രയേറെ പുതിയ നടിമാർ മലയാളത്തിൽ വന്നാലും മലയാളികളുടെ മനസിൽ പ്രത്യേകസ്ഥാനമാണ് മഞ്ജു വാര്യർക്കുള്ളത്. ആ സ്നേഹം സിനിമയിൽ വന്നകാലം മുതൽ ഇന്ന് വരേയും മഞ്ജുവിന് ലഭിക്കുന്നുമുണ്ട്. എന്നാൽ ഇരുപത് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി നിൽക്കുന്ന പ്രിയ നടിക്ക് ഒരു കാലത്ത് ക്യാമറയും തിയേറ്ററും ഭയമായിരുന്നു. ക്യാമറയുടെ ഫ്ലാഷ് അടിക്കുന്നത് കണ്ടാൽ വാവിട്ട് കരയുന്ന പ്രകൃതമായിരുന്നു മഞ്ജു വാര്യർക്കുണ്ടായിരുന്നത്. അതുപോലെ തന്നെ കള്ളം പറഞ്ഞായിരുന്നു കുടുംബം മഞ്ജുവുമായി തിയേറ്ററിൽ സിനിമ കാണാൻ പോയിരുന്നത്. എന്നാൽ ക്യാമറയോടും തിയേറ്ററിനോടുമുള്ള ഭയം ഇല്ലാതായത് എപ്പോഴാണെന്ന് മഞ്ജുവിനും വലിയ ധാരണയില്ല. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് ഫൂട്ടേജ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ക്യാമറയോടും തിയേറ്ററിനോടുമുള്ള ഭയത്തെ കുറിച്ച് മഞ്ജു വാര്യർ തുറന്ന് പറഞ്ഞത്. ഒപ്പം നീന്തൽ അറിയാതെ ബെറ്റിന്റെ പുറത്ത് കായലിൽ ചാടിയ അനുഭവവും മഞ്ജു വാര്യർ പങ്കുവെച്ചു. കണ്ണെഴി പൊട്ടുംതൊട്ട് സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു നീന്തൽ അറിയാതെ താരം വെള്ളത്തിൽ ചാടിയത്.

ഫ്ലാഷ് അടിക്കുന്ന ക്യാമറ കാണുമ്പോൾ താൻ അലറി കരയുന്നത് ഇപ്പോഴും ഓർമയുണ്ട് എന്നും ഓണത്തിന്റെ സമയത്ത് പൂക്കളത്തിന് മുന്നിൽ തന്നെ നിർബന്ധിച്ച് പിടിച്ച് ഇരുത്തിയപ്പോൾ കരയുന്ന തന്റെ ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട് എന്നും മഞ്ജു വാര്യർ പറയുന്നു. അതുപോലെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത് വേറെ എവിടെയോ പോകുന്നുവെന്ന് കള്ളം പറഞ്ഞൊക്കെയാണ്. ആ ഭയം എപ്പോഴാണ് മാറിയതെന്ന് അറിയില്ല. താനും ഇടയ്ക്ക് ചിന്തിക്കാറുണ്ട്. ക്യാമറയും തിയേറ്ററും പേടിയായിരുന്ന തന്റെ ലൈഫ് തന്നെ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടാണല്ലോയെന്ന് മഞ്ജു വാര്യർ പറഞ്ഞു. കണ്ണെഴുതിപൊട്ടും തൊട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത് നീന്തൽ അറിയാതെയാണ് കായലിൽ ചാടിയതെന്നും അതിന് പിന്നിലെ കാരണവും മഞ്ജു വെളിപ്പെടുത്തി. അന്ന് നീന്തൽ അറിയാതെ വെള്ളത്തിൽ ചാടിയതിന് പിന്നിൽ ഒരു ബെറ്റിന്റെ കഥയുമുണ്ട് എന്നന്വ മഞ്ജു പറയുന്നത് . ആ സിനിമയിലായിരുന്നു ആദ്യമായി അകേല ക്യാമറ ക്രെയിൻ എന്നൊരു സംവിധാനം ഉപയോഗിച്ചത്. അതിൽ ഫസ്റ്റ് ഷോട്ട് ആർക്ക് കിട്ടും എന്നൊരു മത്സരമുണ്ടായിരുന്നു. വെറുതെ പറഞ്ഞ് ഉണ്ടാക്കിയതാണ് അത് . ചെളി വെള്ളമായിരുന്നു. അതിലേക്ക് എടുത്ത് ചാടിയാൽ ഫസ്റ്റ് ഷോട്ട് തനിക്ക് തരാമെന്ന് പറഞ്ഞു. ആർക്ക് ഫസ്റ്റ് ഷോട്ട് കിട്ടുമെന്നത് സംബന്ധിച്ച് ബിജു മേനോനും താനും ബെറ്റ് വെച്ചു. അതിനായി താൻ വെള്ളത്തിലേക്ക് എടുത്ത് ചാടി.

പക്ഷെ ബിജുമേനോനും തനിക്കും ആ ക്രെയിനിൽ കോമ്പിനേഷൻ ഷോട്ടായിരുന്നു ആദ്യമെന്നും താരം ഓർക്കുന്നു. നിലയില്ലാ കയമൊന്നുമായിരുന്നില്ല അത് പക്ഷെ തനിക്ക്നീ നീന്തൽ അറിയില്ലായിരുന്നുവെന്നും മഞ്ജു പഴയ ഓർമ പങ്കുവെക്കവേ പറഞ്ഞു. അതേസമയം മലയാളത്തിൽ ഒരു നല്ല ഹിറ്റ് ചിത്രം നടി മഞ്ജു വാര്യരുടെ സിനിമാ ജീവിതത്തിൽ പിറന്നിട്ട് നാളുകൾ ഏറെയായി. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പുതിയ സിനിമയായ ഫൂട്ടേജിനെ കുറിച്ച് പ്രേക്ഷകർക്കും വലിയ പ്രതീക്ഷയുണ്ട്. പോസ്റ്റർ റിലീസ് ചെയ്തപ്പോൾ മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സിനിമയാണ് ഫൂട്ടേജ്. മഞ്ജു വാര്യർക്ക് പുറമെ വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ഫൂട്ടേജ്. എ സെർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരുന്നത് . അനുരാഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോൺറെയിലാണ് ചിത്രമൊരുങ്ങിയത് .











