
ധനുഷിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചന വിവാദം അവസാനിച്ചെങ്കിലും ധനുഷിൻ്റെ പോയസ് ഗാർഡൻ വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ചർച്ചകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. രജിനികാന്തിന്റെ ബംഗ്ലാവിനെക്കാൾ എന്തുകൊണ്ടും ആഢംബരം നിറഞ്ഞതാണ് ധനുഷിന്റെ പോയസ് ഗാർഡനിലെ വസതിയെന്നാണ് പറയുന്നത്. കോടികൾ മുടക്കി ധനുഷ് നിർമിച്ച ഈ ആഢംബര ബംഗ്ലാവിന്റെ തറക്കല്ലിടുമ്പോൾ രജിനികാന്തും ഐശ്വര്യയുമെല്ലാം സന്നിഹിതരായിരുന്നു. എന്നാൽ വീട് പണി ആരംഭിച്ച് കുറച്ചുനാൾ പിന്നിട്ടപ്പോഴേക്കും വിവാഹമോചനം പ്രഖ്യാപിച്ചതിനാൽ ഗൃഹപ്രവേശന ചടങ്ങിലൊന്നും രജിനികാന്തിന്റെയോ ഐശ്വര്യയുടെയോ സാന്നിധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷമാണ് ചെന്നൈ പോയസ് ഗാർഡനിൽ ധനുഷിന്റെ ആഢംബര വസതിയുടെ പാലുകാച്ചൽ നടന്നത്. 150 കോടി രൂപയിൽ അധികം മൂല്യമുള്ള ബംഗ്ലാവാണ് ധനുഷ് നിർമിച്ചിരിക്കുന്നത്. രജിനികാന്തിന് മാത്രമല്ല അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അടക്കമുള്ളവരുടെ വസതികൾ പോയസ് ഗാർഡനിലുണ്ട്. ഇപ്പോഴിതാ ആഢംബര വസതി നിർമിക്കാൻ താരം പണം കണ്ടെത്തിയത് എങ്ങനെയെന്നതുമായി ബന്ധപ്പെട്ട് ഡോ.കാന്തരാജ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

നിർമാതാക്കളെ പറ്റിച്ച പണം കൊണ്ടാണ് ധനുഷ് വീട് പണി പൂർത്തിയാക്കിയതെന്നാണ് ഡോ.കാന്തരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. നടൻ ധനുഷ് പല നിർമ്മാതാക്കളിൽ നിന്നും പണം അഡ്വാൻസായി വാങ്ങിയെന്നും എന്നാൽ ഇപ്പോൾ ആ നിർമാതാക്കളുടെ സിനിമയിൽ അഭിനയിക്കാൻ തയ്യാറാകുന്നില്ലെന്ന് പറയപ്പെടുന്നുവെന്നും പല നിർമ്മാതാക്കളിൽ നിന്നും പണം വാങ്ങിയാണ് ധനുഷ് ഈ വീട് നിർമ്മിച്ചിരിക്കുന്നതെന്നുമാണ് കാന്തരാജ് പറയുന്നത്. മാത്രമല്ല വൻകിട നിർമ്മാതാക്കളുടെ സിനിമകളിൽ മാത്രം അഭിനയിക്കുന്ന ധനുഷ് നേരത്തെ താൽപര്യമെടുത്ത് അഡ്വാൻസ് വാങ്ങിയ പല നിർമ്മാതാക്കളെയും ഇപ്പോൾ പരിഗണിക്കാതെ ഉപേക്ഷിക്കുകയാണെന്നാണ് ഡോ.കാന്തരാജ് പറഞ്ഞത്. സിനിമാ താരങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തി മുമ്പും വിവാദം സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ഡോ.കാന്തരാജ്. പുതിയ വീട് പണിയാൻ ആരംഭിച്ചത് മുതൽ ധനുഷ് വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമെല്ലാം നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും അത് പരിധി വിട്ട് പോകാറുമുണ്ട്. അടുത്തിടെ തന്റെ വീടുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പരസ്യമായി തന്നെ ധനുഷ് പ്രതികരിക്കുകയും ചെയ്തിരുന്നു. തന്റെ ചെറുപ്പകാലത്തെ ഒരു കഥ പറഞ്ഞ് കൊണ്ടാണ് ധനുഷ് പോയസ് ഗാർഡനിൽ തന്നെ വീട് പണിയാനുള്ള കാരണമെന്നാണ് ധനുഷ് വെളിപ്പെടുത്തിയത്.

പതിനാറ് വയസ് മുതൽ പോയസ് ഗാർഡനിൽ ഒരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നാണ് ധനുഷ് അതേക്കുറിച്ച് പറഞ്ഞത്. അതേസമയം പ്രശസ്ത തമിഴ് നിർമാതാക്കളായ തെനാന്തൽ ഫിലിംസ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നിരുന്നു. തങ്ങൾക്കൊപ്പം സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങിയിരുന്നെന്നും പിന്നീട് വാക്കുതെറ്റിച്ചെന്നുമായിരുന്നു അവർ പറഞ്ഞത്. ചിത്രങ്ങളിൽ അഭിനയിപ്പിക്കാൻ ധനുഷിനെ സമീപിക്കുന്നതിനുമുൻപ് പ്രൊഡ്യൂസേഴ്സ് കൗൺസിലുമായി ചർച്ച ചെയ്യണമെന്ന് സംവിധായകർക്ക് നിർമാതാക്കളുടെ സംഘടന നിർദേശം നൽകിയതായും റിപ്പോർട്ടുകാലുണ്ടായിരുന്നു. അതേമസമയം നിരന്തരം വിവാദത്തിലും ഗോസിപ്പുകളിലും ഇടം നേടിയ താരമാണ് തമിഴ് നടൻ ധനുഷ്. സൂപ്പർസ്റ്റാർ രജിനികാന്തിൻ്റെ മകളും സംവിധായികയുമായ ഐശ്വര്യയെ വിവാഹം കഴിച്ച ധനുഷിന് ലിംഗ, യാത്ര എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. പതിനെട്ട് വർഷത്തോളം നീണ്ട ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത് രണ്ട് വർഷം മുമ്പാണ്. തങ്ങൾ വിവാഹമോചിതരാവാൻ തീരുമാനിച്ചിരിക്കുകയാണെന്ന ധനുഷിന്റേയും ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ധനുഷിന് പല സഹനടിമാരുമായി അടുപ്പമുണ്ടായിരുന്നതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്.

എന്നാൽ ഐശ്വര്യയും ധനുഷും വിവാഹമോചനത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചശേഷം ധനുഷ് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഐശ്വര്യ സിനിമ സംവിധാനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവരുടെ രണ്ട് മക്കളും മാതാപിതാക്കളോടൊപ്പം മാറിമാറി താമസിക്കും. അതേസമയം സംവിധായകൻ കസ്തൂരി രാജയുടെ ഇളയ മകനായ നടൻ ധനുഷ് ബോളിവുഡിലടക്കമുള്ള ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ്. നടൻ എന്നതിലുപരി സിനിമയിലെ ബഹുമുഖ പ്രതിഭയ്ക്കും പേരുകേട്ടയാളാണ് ധനുഷ്. നടൻ, സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ധനുഷ് തൻ്റേതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.











