കുറച്ച് കാലമായി ധർമജൻ സിനിമകളിൽ അത്ര സജീവമല്ല, കാരണം?

മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ധർമജൻ ബോൾ​ഗാട്ടി. കഴിഞ്ഞ കുറേ കാലമായി ഇടക്കിടെ വാർത്തകളിൽ നിറഞ്ഞു നിന്ന പേരായിരുന്നു ധർമജന്റേത്. മാത്രമല്ല ഈയിടെ ഭാര്യയെ രണ്ടാമത്തും വിവാഹം ചെയ്തു എന്ന പേരിൽ പല തരത്തിലുള്ള ട്രോളുകളായിരുന്നു ധർമജൻ നേരിട്ടത്. പലരും ആ വാർത്ത കണ്ട് തെറ്റായ വ്യാഖ്യാനങ്ങൾ കൊടുത്തിട്ടുണ്ട്. എന്നാൽ ഇരുവരും ഒരു വട്ടം കൂടെ മക്കളുടെ ആ​ഗ്രഹപ്രകാരം വിവാഹം ചെയ്തു എന്നായിരുന്നു ധർമജൻ പറഞ്ഞത്. ഇപ്പോഴിതാ ധർമജൻ തന്റെ സിനിമാ ജീവിതവും മറ്റു വിശേഷങ്ങളുമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ്. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ധർമജൻ ടെലിവിഷൻ രം​ഗത്ത് എത്തുന്നത്. പിന്നീട് ബഡായ് ബം​ഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. സിനിമയിൽ സജീവമായതിനു ശേഷവും സ്റ്റേജ് ഷേകളിൽ ധർമജൻ വന്നിരുന്നു. എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളൂവെന്നും തന്റടുത്ത് ആരു സഹായം ചോദിച്ചു വന്നാലും എന്തെങ്കിലും സഹായം ചെയ്തിട്ടേ ആരെയായാലും മടക്കി വിടാറുള്ളൂവെന്നും ധർമജൻ പറയുന്നു. നല്ലത് ചെയ്തിട്ട് ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. നല്ലതിനും ചീത്ത കാര്യത്തിനുമെല്ലാം ജയിലിൽ കിടന്നു. നല്ല കാര്യത്തിന് ജയിലിലായത് വാട്ടർ അതോറിറ്റി തല്ലി തകർത്തതിന്റെ പേരിലാണ്. അതായത് തനൊരു കോൺ​ഗ്രസുകാരനാണ്.

മാത്രമല്ല നിയമസഭാ ഇലക്ഷന് താൻ മത്സരിക്കുകയും ചെയ്തിരുന്നു. ഈ ഭാ​ഗത്തായി കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നുവെന്നും അതിന്റെ പേരിൽ സമരം നടത്തി. അവസാനം വാട്ടർ അതോറിറ്റി തല്ലി തകർത്തു എന്ന രീതിയിൽ കേസ് വന്നുവെന്നും ധർമജൻ പറയുന്നു. കുറച്ച് കാലമായി ധർമജൻ സിനിമകളിൽ അത്ര സജീവമല്ല. വളരെ കുറച്ച് സിനിമകൾ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. ഇപ്പോൾ കോമഡി കൈകാര്യം ചെയ്യാൻ നിരവധി താരങ്ങൾ മുൻപന്തിയിലേക്ക് വരുന്നുണ്ട്. അതിനാൽ പല സിനിമകളിലേക്കും അവസരം കിട്ടാറില്ലെന്ന് ധർമജൻ പറയുന്നു. കഴിഞ്ഞ വർഷം ഒരേ ഒരു സിനിമ മാത്രമാണ് ധർമജന്റേതായി റിലീസ് ചെയ്തത്. ഈ വർഷം ദിലീപ് നായകനായി എത്തിയ പവി കെയർ ടെയ്ക്കർ എന്ന സിനിമയാണ്. മാത്രമല്ല സ്റ്റേജ് ഷോകളിലും ധർമജൻ ഇപ്പോൾ പ്രത്യക്ഷപ്പെടാറില്ല. താൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എവിടെയും പോയിട്ടില്ല. പക്ഷേ ആരും തന്നെ വിളിച്ചില്ല എന്നു മാത്രമെന്നാണ് ധർമജൻ പറയുന്നു. ഒരു സിനിമയിലൂടെ തന്നെ നിരവധി ആർട്ടിസ്റ്റുകൾ വരുന്നുണ്ട്. അപ്പോൾ പിന്നെ തനിക്ക് തരേണ്ട ശമ്പളം പോലും അവർക്ക് വേണ്ടി വരില്ലയെന്നും അങ്ങനെയുള്ളപ്പോൾ പുതിയ ആളുകൾക്ക് അവസരങ്ങൾ ലഭിക്കുമെന്നും തന്നെ അറിയാവുന്നവർ ആണെങ്കിൽ മാത്രം വിളിക്കുമെന്നുമാണ് ധർമജൻ പറയുന്നത്. ധർമജൻ തന്നെ ആ കഥാപാത്രം ചെയ്യണം എന്ന് ആ​ഗ്രഹിച്ച് വിളിക്കുന്നവർ മാത്രമാണ് ഇപ്പോൾ കൂടുതലും. സിനിമ എന്നെ അത്രയും ഭ്രമിപ്പിച്ചിട്ടില്ല. ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ട്.

എന്നാൽ ആ​ഗ്രഹിച്ചതിലും കൂടുതൽ തനിക്ക് തന്നിട്ടുണ്ട് എന്നും 10 വർഷം കൊണ്ട് ഏകദേശം 130ൽ കൂടുതൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നും ധർമജൻ ബോൾ​ഗാട്ടി പറയുന്നു. സ്റ്റേജ് ഷോകൾ ചെയ്യുമ്പോൾ തനിക്ക് 125 രൂപയാണ് കിട്ടിയിരുന്നത് എന്നും അതിൽ പിന്നെയാണ് കരിയറിൽ വളർച്ച ഉണ്ടായതെന്നും ധർമജൻ പറഞ്ഞു. യേശുദാസ് മുതൽ നിരവധി ആളുകൾക്കൊപ്പം സ്റ്റേജ് ഷോകൾ ചെയ്യാൻ പറ്റിയെന്നും നിരവധി പ്രതിഭകൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചെന്നും ധർമജൻ കൂട്ടിച്ചേർത്തു. അതേസമയം മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ധര്‍മജൻ ബോള്‍ഗാട്ടി ശ്രദ്ധയാകര്‍ഷിച്ചത്. പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധര്‍മജൻ ബോള്‍ഗാട്ടി നടനായി അരങ്ങേറുന്നത്. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ് എന്നിവയിലും ധര്‍മ്മജൻ ബോള്‍ഗാട്ടി വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധര്‍മജൻ ബോള്‍ഗാട്ടി പ്രത്യക്ഷപ്പെട്ടിരുന്നു.