
തന്നേയും ,നടൻ സിദ്ധീഖിനേയും ചേര്‍ത്തുള്ള വ്യാജ വാര്‍ത്തകളില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ ആശ ശരത്ത്. ദൃശ്യം സിനിമയുടെ ചിത്രീകരണത്തിനിടെ സിദ്ധീഖ് തന്നോട് മോശമായി പെരുമാറിയെന്നു ആശ ശരത് പറഞ്ഞു എന്നായിരുന്നു വാർത്തകൾ എത്തിയത്, എന്നാൽ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് നടി. സിദ്ധീഖ് തന്റെ നല്ല സുഹൃത്തും ,നല്ല സഹ പ്രവര്‍ത്തകനുമാണ്. അദ്ദേഹത്തില്‍ നിന്നും മോശമായതോ, വിഷമമുണ്ടാക്കുന്നതായോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാ ആശ ശരത് പറയുന്നു.

ഫെയ്സ്ബുക്കിലൂടെയായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. ഇത്തരത്തില്‍ നിയമ വിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും എന്നും നടി പറയുന്നു. ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമര്‍ശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി.

കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തില്‍ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാര്‍ക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളര്‍ന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇത്തരം കള്ള പ്രചാരണങ്ങള്‍ നടത്തി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാന്‍ കഴിയണം. ഇത്തരത്തില്‍ നിയമ വിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും. കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാള്‍ക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തില്‍ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സര്‍ക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ആശാ ശരത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.











