
നടൻ കമൽഹാസനും ഇക്കിളിപ്പെടുത്തലിന്റെ ആള് തന്നെ. അതിനു ഉദാഹരണത്തിനായി തമിഴിലേക്ക് ഒന്നും പോകണ്ട മലയാളത്തിലെ ഒരു നടിയ്ക്ക് തന്നെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ആ ഒരു സംഭവം സോഷ്യൽ മീഡിയയിൽ കൂടി ഇപ്പോൾ പുറത്തു വരികയാണ്. സംഭവത്തെപ്പറ്റി വിശദമായി നോക്കാം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ തൊട്ട് അതിനു പിന്നാലെയാണ് കേരളത്തിലെ മാധ്യമങ്ങളും കേരള ജനതയുമൊക്കെ. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങൾ പങ്കു വെയ്ക്കുമ്പോൾ സിനിമക്കാരെക്കാളും കൂടുതലായി വേദനിക്കുന്നത് മലയാള സിനിമാ പ്രേക്ഷകർക്കാണെന്നു തോന്നുന്നു. വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ദുരനുഭവങ്ങൾ നടിമാർ വെളിപ്പെടുത്തി രംഗത്ത് വരുന്നു. സോഷ്യൽ മീഡിയ മാധ്യമമാക്കിയാണ് പലരും തങ്ങളുടെ ദുരനുഭവങ്ങൾ ചെറുത്ത് നിൽപ്പുകൾ ഒക്കെ പുറംലോകത്തോട് വിളിച്ച് പറയുന്നത്. അതിനൊപ്പം തന്നെ പലതരം ചെറുത്ത് നിൽപ്പുകളുടെയും കഥകൾ പുറത്തു വരുന്നുണ്ട്.
അധികമാരും അറിയാതെ പോയ ഒരു ചെറുത്ത് നിൽപ്പ് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ‘ഇന്നലെ ഇങ്ങനെ ഒരു നടി’ എന്ന തലക്കെട്ട് നൽകി നിച്ഛയ ധാർട്യത്തിന്റെ ചെറുത്ത് നിൽപ്പിന്റെ മുഖമായിരുന്ന, ശബ്ദമായിരുന്ന നടി കാർത്തികയെപ്പറ്റിയാണ് തന്റെ ഫെയ്സ്ബുക്ക് അകൗണ്ടിൽ കൂടി സിനിമാ നിരൂപകൻ കൂടിയായ അജയൻ കരുനാഗപ്പള്ളി കുറിയ്ക്കുന്നത്.

ഇന്നോ ഇന്നലെയോ ദിവസങ്ങൾക്ക് മുൻപോ മാസങ്ങൾക്ക് മുൻപോ നടന്ന സംഭവമല്ല, ഏകദേശം പത്ത് 35 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണിത്. കമൽഹാസന്റെ ഇക്കിളിപ്പെടുത്തലിനോട് നിസഹകരണം കാണിച്ച കാർത്തിക ഒറ്റയ്ക്കൊരു പോർമുഖം തുറന്നു ജയിച്ചവളാണെന്നും അജയൻ കുറിക്കുന്നു. ഈയൊരു കുറിപ്പിൽ ആദ്യം പറയുന്നത് സംവിധായകൻ മണിരത്നത്തെപ്പറ്റിയാണ്. 1987 ൽ ഇറങ്ങിയ ‘നായകൻ’ എന്ന തമിഴ് ചിത്രത്തിനു ശേഷം കമൽഹാസൻ എന്ന അതിപ്രാഗത്ഭ്യമതിയെ വെച്ചു അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകളെ അതായത് (ചാരുഹാസന്റെ മകൾ സുഹാസിനി ) പിത്കാലത്ത് വിവാഹം കഴിച്ച ആളായിട്ടു കൂടി മണിരത്നം എന്ന ഗ്രേറ്റ് ഫിലിംമേക്കർ, കമൽ ഹാസനൊപ്പം മറ്റൊരു സിനിമക്ക് ശ്രമിച്ചില്ല എന്നത് ഇന്ത്യൻ പ്രേക്ഷകരെ സംബന്ധിച്ചു ഇന്നും അത്ഭുതപ്പെടുത്ത ഒരു സമസ്യയാണ്.
“നായകൻ” അവരിരുവരും ആദ്യാവസാനം ഒന്നിച്ച സിനിമ എന്നതാണ് ചരിത്രം എങ്കിലും, എൺപതുകളിലെ മലയാള സിനിമയുടെ മുഖശ്രീ തന്നെ ആയിരുന്ന നടി കാർത്തികയുടെ സിനിമാജീവിതം അവസാനിപ്പിച്ചതും അതേ സിനിമ ആയിരുന്നുവെന്നതും ഏറെ തെളിവുകൾ ഉള്ള വസ്തുതയാണ്.
യൂട്യൂബ് ഉൾപ്പെടെ ഒട്ടേറെ ഓൺലൈൻ ഉറവിടങ്ങൾ അത് കൃത്യപ്പെടുത്തുന്നുണ്ട് എന്നും അജയൻ കരുനാഗപ്പള്ളി ചൂണ്ടി കാണിക്കുന്നു.

സിനിമയ്ക്കു മുന്നേ നടന്ന ഒരു ഫോട്ടോ ഷൂട്ട് വേളയിൽ അനാവശ്യമായ ഒരു ശരീര സ്പർശത്തിനു മുതിർന്ന കമൽഹാസന്റെ കരം കുടഞ്ഞെറിയുക വഴി യാതൊരു വിധമായ ഇംഗിതത്തിനും വഴങ്ങാൻ സാധ്യതയില്ലാത്ത വ്യക്തിത്വം എന്ന കൃത്യമായ സൂചന കാർത്തിക നൽകുകയും എന്നാൽ ചിത്രത്തിന്റെ ഷൂട്ട് വേളയിൽ അഭിനയ വ്യാജമായല്ലാതെ നടിയുടെ കരണം അടിച്ചു പുകച്ചു കൊണ്ടു കമൽ തന്റെ പ്രതികാരം നിറവേറ്റുകയും ഉണ്ടായി.
സിനിമയുടെ ചിത്രീകരണം പെട്ടെന്ന് നിർത്തി വെയ്പിക്കുന്ന നിലയിൽ തുടർന്ന് കാർത്തിക നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ പക്ഷെ അന്നത്തെ ഉഗ്രപ്രതാപിയായ ഉലകനായകന്റെ സമ്മർദ്ദത്തിനു വഴങ്ങാതെ മണിരത്നം കാർത്തികയുടെ ന്യായപക്ഷത്തു നിൽക്കുക വഴി അവസാനിച്ചതാണ് ഇരുവർക്കുമിടയിലെ പ്രൊഫഷണൽ സഖ്യമെന്നും അജയൻ കരുനാഗപ്പള്ളി കുറിക്കുന്നു.
അനിൽ 1986 ൽ സംവിധാനം ചെയ്ത “അടിവേരുകൾ” എന്ന സിനിമയിൽ ജീപ്പിൽ നിന്നും കാലുയർത്തി ഇറങ്ങവെ, ഇട്ടിരുന്ന വേഷത്തിന്റെ വൈകല്യം കാരണം തെറ്റായ ഒരു കാഴ്ച ഉണ്ടായതിനെ എഡിറ്റിംഗിൽ കട്ട് ചെയ്തു മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തോറ്റു പോയതു മാത്രമാണ് ബോധപൂർവ്വമല്ലെങ്കിലും സിനിമാരംഗത്ത് കാർത്തികയുടെ സദാചാരവിരുദ്ധമെന്നു ആരോപിക്കാവുന്ന ഏകതോൽവിയെന്നും അജയൻ അടയാളപ്പെടുത്തുന്നു.
കഥ ആവശ്യപ്പെടാത്തതായ ഒരു ആലിംഗനത്തിനു പോലും നിന്നു കൊടുക്കാതിരുന്ന കാർത്തിക തലസ്ഥാനജില്ലയിലെ അറിയപ്പെടുന്ന ബാഡ്മിൻഡൻ പ്ലെയർ ആയിരിക്കെ ബാലചന്ദ്രമേനോന്റെ “മണിച്ചെപ്പ് തുറന്നപ്പോൾ”വഴി ആക്ടിങ്ങ് കരിയർ തുടങ്ങുമ്പോൾ ‘സുനന്ദ’ എന്ന തന്റെ യഥാർത്ഥനാമധേയം തിരുത്തി കാർത്തിക ആക്കിയത് മാത്രമാണ് ചലച്ചിത്ര ജീവിതത്തിൽ നടത്തിയ ഒരേയൊരു ഒത്തുതീർപ്പ് എന്നുമാണ് കാർത്തികയെ ഓർത്തു കൊണ്ട് അജയൻ എഴുതുന്നത്.
അമ്മ എന്ന സംഘടനയൊക്കെ ആവിർഭവിക്കുന്നതിനു മുൻപ് തന്നെ സ്വശരീരത്തെ തെറ്റായ മാധ്യമമാക്കാതിരിക്കാൻ ഒറ്റയ്ക്കൊരു പോർമുഖം തുറന്നു ജയിച്ചു പോയവളുടെ പേരാണ് ‘കാർത്തിക’ എന്ന സുനന്ദ. “ഓർമ്മയിൽ ഒരു ശിശിരം ഓമനിക്കാനൊരു ശിശിരം” എന്ന് പറഞ്ഞു കൊണ്ടാണ് അജയൻ കരുനാഗപ്പള്ളി അധികമാരും വാഴ്ത്തിപ്പാടാതെ പോകുന്ന അല്ലെങ്കിൽ വിസ്മരിക്കുന്ന കാർത്തികയുടെ ഈയൊരു പോരാട്ടത്തെ സ്മരിച്ചുകൊണ്ട് കുറിക്കുന്നത്. നിലവിൽ കാർത്തിക സിനിമാ രംഗത്ത് ഇല്ല. 1991ൽ പുറത്തിറങ്ങിയ ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ’ എന്ന ചിത്രത്തിലെ അഭിനയത്തോടെ കാർത്തിക സിനിമ രംഗം വിടുകയായിരുന്നു.











