ഒരു ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ അന്യരായി! ഞങ്ങൾ ഒളിച്ചോടിയിട്ടില്ല,പവർ ഗ്രൂപ്പില്ലെന്ന് താരരാജാക്കന്മാർ

മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടാഴ്ച കഴിയുമ്പോഴും ആരോപണങ്ങളില്‍ കൃത്യമായ  നിലപാട് പറയാതെയാണ്  സൂപ്പര്‍ താരങ്ങള്‍ എത്തിയത്. ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങള്‍ അന്യരായി പോയത് ഞാന്‍ ഒളിച്ചോടിയിട്ടില്ല, എന്നിങ്ങനെയൊക്കെ  വൈകാരികമായി പ്രതികരിച്ചു കൊണ്ടാണ് മോഹന്‍ലാല്‍  രംഗത്തെത്തിയത്. അതുപോലെ പൊലീസ് കേസ് അന്വേഷിക്കട്ടെ, ശിക്ഷാവിധി കോടതി തീരുമാനിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ്  ഒരാഴ്ചക്ക് ശേഷം   മൗനം അവസാനിപ്പിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രതികരണം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ചകൾ  കഴിഞ്ഞതിന് ശേഷമുള്ള സൂപ്പര്‍ താരങ്ങളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യം ആരോപണങ്ങളും പരാതികളുമായി എത്തിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. പിന്നാലെ പ്രമുഖ മുതിര്‍ന്ന നടിമാരും ആരോപണങ്ങളുമായി എത്തിയിട്ടുണ്ട്. സിദ്ദിഖ് മുതല്‍ ജയസൂര്യ വരെയുള്ള താരങ്ങള്‍ക്കെതിരെയും സംവിധായകന്‍ ഹരിഹരന്‍ അടക്കമുള്ളവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതികള്‍ എത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ ഉയരാന്‍ ആരംഭിച്ചതോടെ പ്രതികരിക്കാന്‍ തയാറാകാതെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് മോഹന്‍ലാല്‍ രാജി വച്ചു.

പിന്നാലെ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജി വയ്ക്കുകയും ചെയ്തു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മോഹന്‍ലാല്‍ ശക്തിയുകതം പ്രതികരിക്കുമെന്നാണ്  കേരള ക്രിക്കറ്റ് ലീഗിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വിചാരിച്ചിരുന്നതെങ്കിലും ആരോപണങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞു കൊണ്ടുള്ള സ്വാഭാവികരിക്കുന്ന പ്രതികരണമായിരുന്നു താരം നടത്തിയത്. മാത്രമല്ല ഹേമാ കമ്മിറ്റിയില്‍ പറയുന്ന പവര്‍ഗ്രൂപ്പിനെ കുറിച്ച് അറിയില്ല, അതില്‍ ഞാനില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയും താരം ചെയ്തു. പിന്നാലെ  ഇതേ അഭിപ്രായം തന്നെയാണ് ഒരുപാട് നാളത്തെ തന്റെ മൗനം വെടിഞ്ഞു കൊണ്ട് മമ്മൂട്ടിയും വ്യക്തമാക്കിയത്. ”സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ” എന്നാണ് മമ്മൂട്ടി പറഞ്ഞത്. നടന്‍ പൃഥ്വിരാജും സമാനമായൊരു അഭിപ്രായമായിരുന്നു പറഞ്ഞത്.  പവര്‍ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല, കാരണം എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല  എന്നായിരുന്നു നടന്‍ പറഞ്ഞത്. ഇതോടെ കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 2017ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ചര്‍ച്ചയാവുകയാണ്.