
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കെതിരെ കടുത്ത വിമർശനവുമായി നടി പത്മപ്രിയ രംഗത്ത്. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ നടക്കുന്നതെന്നും പറഞ്ഞ പത്മപ്രിയ ‘അമ്മ’ എന്ന സംഘടനയ്ക്ക് തലയും നട്ടെല്ലുമൊന്നും ഇല്ലെന്നും പരിഹസിച്ചു.
മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് നാലര വർഷത്തോളം സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതെ നിന്നതെന്നും പത്മപ്രിയ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും പത്മപ്രിയ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോവുന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ചുവട് പിടിച്ച് കൂടുതൽ നടിമാർ താരങ്ങൾക്ക് എതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്ന വേളയിലാണ് പത്മപ്രിയയുടെ പ്രതികരണം. മുൻനിര താരങ്ങൾ ഉൾപ്പെടെ നിലവിൽ ഇക്കൂട്ടത്തിൽ ആരോപണ വിധേയരായിട്ടുണ്ട്. അതിനിടെ തനിക്കും മലയാള സിനിമയിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പത്മപ്രിയ പറയുന്നു.
തനിക്കൊരു 25-26 വയസുള്ളപ്പോൾ ഇപ്പോഴത്തെ ഒരുലീഡിംഗ് പ്രൊഡക്ഷൻ മാനേജർ ഇത്രയും വയസും പ്രായവുമൊക്കെയായില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെയെന്ന് തന്നോട് ചോദിച്ചുവെന്നും ഇതാണ് അവരുടെ കാഴ്ചപ്പാടെന്നും പത്മപ്രിയ തന്റെ അനുഭവം പങ്കുവച്ചു. മാത്രമല്ല അമ്മ സംഘടനയ്ക്ക് എതിരായ വിമർശനം കൂടുതൽ കടുപ്പിക്കുകയാണ് താരം ചെയ്തത്. അമ്മയിലെ കൂട്ടരാജി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പത്മപ്രിയ പറയുന്നു.
‘എന്ത് ധാർമികത ഉയർത്തിയാണ് അമ്മയിലെ രാജിയെന്ന് മനസിലാവുന്നില്ലയെന്നും ആരൊക്കെ നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട് എന്നും വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ നോക്കി കാണുന്നത്. പവർ ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നതെന്നും പത്മപ്രിയ വ്യക്തമാക്കി. ഹേമ കമ്മിറ്റിയെ നിയമിച്ച സർക്കാർ തീരുമാനം ശരിവയ്ക്കുമ്പോഴും റിപ്പോർട്ട് പുറത്തുവിടാൻ വൈകിയ നടപടിയെ അവർ സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നത്.
‘നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് സർക്കാർ വിശദീകരിക്കണമെന്നും നടി ചോദിക്കുന്നു. അതിനുശേഷം സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അതുമാത്രം പോരായെന്നും പത്മപ്രിയ ആവശ്യപ്പെട്ടു. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ല.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പര്‍ താരങ്ങളുടെ പ്രതികരണത്തില്‍ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കില്‍ എല്ലാം അറിയാനുള്ള ശ്രമം നടത്തട്ടെ എന്നും പത്മപ്രിയ പ്രതികരിച്ചു. ഡബ്ല്യൂസിസി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ് എന്നും പത്മപ്രിയ പറയുന്നു. അതേസമയം, സംഘടനയിലെ മുതിർന്ന ഭാരവാഹികൾക്ക് എതിരെ ഉൾപ്പെടെ ആരോപണം ഉയർന്നതിനെ പിന്നാലെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചതായി പ്രഖ്യാപിച്ചത്.
ജനറൽ സെക്രട്ടറി സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, മുതിർന്ന അംഗങ്ങളായ മണിയൻപിള്ള രാജു, ഇടവേള ബാബു, മുകേഷ് സംവിധായകൻ രഞ്ജിത്ത് എന്നിവരും ആരോപണം നേരിട്ടിരുന്നു. ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു നടന്മാർക്കെതിരെ ഉയർന്നു വന്നത്.

ഇപ്പോൾ നടൻ നിവിൻ പൊലിക്കെതിരെയും പീഡന ആരോപണം ഉയർന്നിരിക്കുകയാണ് . സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന ദുബായിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി . നിവിൻ പോളി അടക്കം 6 പേർക്കെതിരെ പോലീസ് ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് .











