മലയാള സിനിമ സങ്കടകരമായ ഘട്ടത്തിൽ; എല്ലാം കലങ്ങി തെളിയട്ടെയെന്ന് മഞ്ജു വാര്യർ 

ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നടി മഞ്‍ജു വാര്യർ. കോഴിക്കോട് താമരശ്ശേരിയിൽ മൈ ജി ഷോറൂമിന്റെ  ഉൽഘാടനത്തിനെത്തിയപ്പോഴായിരുന്നു മഞ്ജു ഇപ്പോൾ മലയാള സിനിമ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് സംസാരിച്ചത്. നടൻ ടോവിനോയും മഞ്ജു വാര്യർക്കൊപ്പമുണ്ടായിരുന്നു.

താനും ടോവിനോയും ഇന്നിവിടെ നിൽക്കാൻ കാരണമായത് മലയാള സിനിമയാണെന്ന് മഞ്ജു വാര്യർ പറഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച് സങ്കടകരമായ ഘട്ടത്തിലാണ് തങ്ങൾ‌ ഇവിടെ വന്നതെന്നും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം ഞങ്ങളും മലയാള സിനിമയും നിലനില്‍ക്കുമെന്നും മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലയെന്നും മഞ്ജു വാരിയർ പറയുന്നു. ആ കാർ മേഘങ്ങളൊക്കെ ഒഴിയട്ടെ എല്ലാം കലങ്ങി തെളിയട്ടെയെന്നും മഞ്ജു വാര്യർ പറഞ്ഞു.

 

എമ്പുരാന്റെ ഷൂട്ടിം​ഗ് തകൃതിയായി നടക്കുന്നുണ്ടെന്നും ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാ​ഗമാകുമെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയിൽ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മഞ്ജു വാരിയരുടെ ഈ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ കോലാഹലമാണ് മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്നത്.

നടൻ സിദ്ദിഖ്, മുകേഷ്, ജയസൂര്യ എന്നിവരുൾപ്പെടെ ചില താരങ്ങൾക്കെതിരെ ലൈ​ഗികാതിക്രമ പരാതി വന്നിരുന്നു. കഴിഞ്ഞ ദിവസം നടൻ നിവിൻ പോളിക്കെതിരെയും പീഡന പരാതി വന്നതും ഏവരും ഞെട്ടലോടെയാണ് കേട്ടത്. വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം നിവിൻ പോളിക്കെതിരെ കേസ് എടുത്തത്.

എറണാകുളം ഊന്നുകൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറാം പ്രതിയാണ് നിവിൻ എന്നാണ് വിവരം. വിദേശത്ത് വെച്ച് തന്നെ ചിലർ പീഡിപ്പിച്ചുവെന്നും നിവിൻ പോളിയും ആ സമയം അവിടെ ഉണ്ടായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത് സാധ്യമല്ലാത്തതിനാലാണ് പരാതിക്കാരി നാട്ടിൽ എത്തി കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പറയുന്നത്.

അതേ സമയം തനിക്കെതിരായ പീഡന വാർത്ത വ്യാജമാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവേ നിവിൻ പോളി പറഞ്ഞു. തനിക്കെതിരെ വന്ന വാർത്ത തെറ്റാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നിവിൻ പോളി പറഞ്ഞു. അതിനായി ഏതറ്റം വരെ പോകുമെന്നും പരാതിക്കാരിയെ അറിയില്ലെന്നും നിവിൻ പറഞ്ഞു. പരാതിക്കാരിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും നിവിൻ പോളി വ്യക്തമാക്കിയിട്ടുണ്ട്.