പ്രണയ നായകനായി ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്, ഇംതിയാസ് അലിയുടെ ചിത്രത്തിൽ

ഫഹദ് ഫാസിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ട്. പ്രശസ്ത സംവിധായകൻ ഇംതിയാസ് അലിയുടെ അടുത്ത ചിത്രത്തിലൂടെയായിരിക്കും ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുക.  ബോളിവുഡ് സിനിമകള്‍ പിന്തുടരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഇംതിയാസ് അലി.

‘ജബ് വി മെറ്റ്’ എന്ന സിനിമയില്‍ തുടങ്ങി ഹിന്ദി സിനിമയിലെ നിരവധി ക്ലാസിക് ചിത്രങ്ങള്‍ നല്‍കിയ സംവിധായകന്‍ മലയാളത്തിന്റെ ഫഹദ് ഫാസിലിനെ നായകനാക്കി ബോളിവുഡ് സിനിമ ഒരുക്കാന്‍ തയ്യാറാകുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  ഇതിനകം തന്നെ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഫഹദ് ഫാസില്‍ സാന്നിധ്യം അറിയിച്ചിരുന്നു.

ഇംതിയാസ് അലി സിനിമയിലൂടെ ബോളിവുഡിലും പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാനാണ് ഫഹദ് ഫാസിലിന്റെ ശ്രമം. നിരൂപക പ്രശംസയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്കും സ്വീകാര്യനായ സിനിമകള്‍ ഒരുക്കുന്നതില്‍ ഏറെ മിടുക്കുള്ള ഇംതിയാസ് അലി ഫഹദിനെ ബോളിവുഡില്‍ അവതരിപ്പിക്കുമ്പോള്‍ സിനിമ അഭിനയപ്രാധാന്യമുള്ളതാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫഹദും ഇംതിയാസും നിരവധി തവണ ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്.

ഇംതിയാസിനൊപ്പം സഹകരിക്കുന്നതിൽ ഫഹദ് ഫാസിൽ ഏറെ ആവേശത്തിലാണെന്നാണ് വിവരം. സിനിമയിലെ നായിക കഥാപാത്രം ഉൾപ്പടെയുള്ള വേഷങ്ങൾക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായിരിക്കുമിത്.

ബോളിവുഡ് സിനിമാ മാധ്യമായ പിങ്ക് വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടത്. റോക്ക്സ്റ്റാര്‍,ഹൈവേ, ചംകീല, തമാശ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഇംതിയാസ് അലി ഒരുക്കുന്ന പുതിയ സിനിമ ഒരു പ്രണയ ചിത്രമാകുമെന്നാണ് സൂചന. സിനിമയിലെ നായിക കഥാപാത്രം ആരാകുമെന്ന് ഇതുവരെയും സൂചനകള്‍ ലഭിച്ചിട്ടില്ല. 2025ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025ല്‍ തന്നെ സിനിമയുടെ റിലീസും ഉണ്ടാകും.

എന്നാൽ മലയാളത്തിൽ ബോഗയ്ൻവില്ല, തമിഴിൽ വേട്ടയ്യൻ തുടങ്ങി നിരവധി സിനിമകൾ ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബോഗയ്ൻവില്ല. സിനിമയിൽ കാമിയോ വേഷത്തിലാകും നടനെത്തുക എന്നാണ് വിവരം. സിനിമ ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

വേട്ടയ്യനിൽ കോമഡി സ്വഭാവമുള്ള കഥാപാത്രത്തെയാകും ഫഹദ് അവതരിപ്പിക്കുക എന്നാണ് സൂചന. രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ഈ ചിത്രവും ഒക്ടോബറിൽ റിലീസ് ചെയ്യും.