
നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം നിവിന്‍ പോളി തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ പ്രത്കരണത്തിലാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത് .
2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് നിവിൻ അടക്കം 6 പേർ തന്നെ പീഡിപ്പിച്ചു എന്നാണ് നിവിനെതിരെ മൊഴി നൽകിയിരിക്കുന്നത് . യുവതി നൽകിയ പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ദുബായിയിൽ കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്.
എന്നാൽ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പരാതിയിൽ അടിസ്ഥാനമില്ലെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നുമായിരുന്നു നിവിൻ പ്രതികരിച്ചത്. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ അറിയിച്ചിരുന്നു.
ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്‍കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്. തന്‍റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിൻ വ്യക്തമാക്കി.
തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍റെ നിലപാട്. തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന്റെ തീരുമാനം. എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്











