ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നിൽ കളിക്കുന്ന ഈ കളികൾ ജനങ്ങൾ തിരിച്ചറിയണം ;സന്തോഷ് പണ്ഡിറ്റ്

മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളോടും പ്രതികരിച്ച് എത്തിയിരിക്കുകയാണ്  നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മലയാളികൾ കഥയറിയാതെ ആട്ടം കാണുകയാണെന്നും പലരും ഈ വിഷയം ഏറ്റു പിടിക്കുന്നത് സ്ത്രീകളുടെ നന്മയെ കരുതിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് വരികയും അതിന് ശേഷമുള്ള ജനങ്ങളുടെ ചർച്ച, നടീനടന്മാരുടെ ഭാഗം ഒക്കെ കാണുമ്പോൾ എനിക്ക് മനസിലാവുന്നത് മലയാളികൾ ഇതുവരെ കഥയറിയാതെ ആട്ടം കാണുകയാണ് എന്നാണെന്നും ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ പെട്ടെന്നൊരു ദിവസം നടി ആക്രമിക്കപ്പെടുന്നു. അതിന്റെ പിന്നിൽ പ്രമുഖ നടൻമാർ ഉൾപ്പെടെ ഉണ്ടെന്ന് പറയുന്നു. ശേഷം ഒരു സംഘടന രൂപീകരിക്കപ്പെടുന്നു. അവർ സർക്കാരിനെ സമീപിക്കുന്നു, അവർ കമ്മീഷനെ വയ്ക്കുന്നു, ഇതാണ് നമ്മൾ ഈ പുറമേ നിന്ന് കാണുന്നത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

നാലര വർഷത്തിന് ശേഷം റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ചില പ്രമുഖ നടന്മാരുടെയും സംവിധായകരുടെയും പേരുകൾ ഒഴിവാക്കിയെന്ന് പറയുന്നു. പിന്നാലെ ചില നടിമാർ ആരോപണവുമായി രംഗത്ത് വരുന്നു. അയാളൊക്കെ അങ്ങനെയാണ്, ഇവരൊക്കെ അങ്ങനെ ചെയ്‌തിട്ടുണ്ടാവും എന്ന രീതിയിലാണ് പൊതുവിൽ ജനങ്ങൾ മലയാളം നടന്മാരെ മനസിലാക്കുന്നതെന്നും അതുകൊണ്ട് തന്നെ കഥയറിയാതെ നിങ്ങൾ ആട്ടം കാണുകയാണ് എന്ന് താൻ പറയുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

മാത്രമല്ല മലയാള സിനിമയിൽ മൂന്ന് തരം മാഫിയകളുണ്ട് എന്നും പെട്ടെന്നൊരു ദിവസം നടിയെ പീഡിപ്പിക്കപ്പെട്ടതല്ല. എന്തിന് ഇങ്ങനെ ചെയ്‌തു എന്നൊരു ചോദ്യമുണ്ട്, അതറിയാൻ പിന്നിലേക്ക് പോവണമെന്നും താരം പറയുന്നു. തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി മാഫിയ ഇവരാണ് മലയാളം സിനിമയിലെ മാഫിയകൾ. ഇതിൽ മട്ടാഞ്ചേരി മാഫിയ ഏറ്റവും ഒടുവിൽ 2014ൽ രൂപീകൃതമായ ഒന്നാണ്.

മലയാളത്തിൽ പ്രധാനപ്പെട്ട നടൻമാർ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട് എന്നും ഈ മാഫിയകൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതെന്നും സന്തോഷ് വ്യക്തമാക്കി. ഏകദേശം അൻപത് വർഷം മുൻപ് നടി വിജയശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുപോലെ സാഹചര്യം മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

അന്ന് രണ്ട് നിർമ്മാതാക്കൾ തമ്മിലായിരുന്നു ഏറ്റുമുട്ടലെന്നും അതുപോലെയൊരു ഉരുൾപൊട്ടലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും താരം പറഞ്ഞു. മലയാളത്തിലെ രണ്ട് പ്രധാന സിനിമാ സംഘടനകളെ ( ‘അമ്മ , ഫെഫ്ക ) കൈയിലാക്കാൻ മൂന്ന് മാഫിയകൾ ശ്രമം നടത്തുന്നുണ്ട്. എങ്ങനെ എങ്കിലും ഇതൊന്ന് ഹൈജാക്ക് ചെയ്‌ത്‌ എടുക്കാൻ അവർ അവസരം കാത്തിരിക്കുകയാണെന്നും അപ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

താൻ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഈ റിപ്പോർട്ട് പൂർണമായും പുറത്തുവിട്ടേനെയെന്നും അങ്ങനെയല്ലേ ചെയ്യേണ്ടത് എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ചിലരുടെ ലക്ഷ്യം ഈ രണ്ട് സംഘടനയെ എങ്ങനെ ഹൈജാക്ക് ചെയ്യാം എന്നതാണ്. കിട്ടിയ അവസരം മുതലാകുകയാണ് അവർ. അതിനായി സ്ത്രീകളെ മുൻനിർത്തി കളിക്കുകയാണ് എന്നും തുടർച്ചയായി ഒരു മാഫിയയിലെ ആളുകൾ മറ്റൊരു മാഫിയയിലെ ആളുകൾക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുന്നതെന്നും അവർ സ്ത്രീ വിഷയം മുന്നിൽ വെച്ച് ചില നടന്മാരെ മനം കെടുത്താനും സിനിമയിൽ നിന്നും മാറ്റാനുമാണ് ശ്രെമിക്കുന്നത് .

സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ ഗൗരവമായാണ് ഉന്നയിക്കുന്നത്, എന്നാൽ മറ്റ് ചിലരുടെ ഉദ്ദേശം വേറെയാണ് എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇത് ആണുങ്ങൾ തമ്മിലുള്ള യുദ്ധമാണ്. പുറത്തു നിന്ന് കാണുമ്പോൾ സ്ത്രീകളുടെ പോരാട്ടമാണ് തോന്നുകയാണ് എന്നും മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്നും അതിന് വേണ്ടിയാണ് പലതും ചെയ്യുന്നതെന്നും  മോഹൻലാലിനെതിരെ ഒരു പെൺകുട്ടിയും ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പല ഓൺലൈൻ ചാനലുകളും ഉപയോഗിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.