ഒരുപടി മുകളിലാണ് തന്റെ അച്ഛൻ; നട്ടെല്ലില്ലാത്തവർ പലതും പറയും മാധവ് സുരേഷ്

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘കുമ്മാട്ടിക്കളി’ എന്ന സിനിമയിലൂടെയാണ് മാധവ് സുരേഷ്  സിനിമയിൽ എത്തുന്നത്. ഇപ്പോൾ അച്ഛനെ കുറിച്ചുള്ള വിമർശനങ്ങളെ കുറിച്ച് മാധവ് സുരേഷ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ്.

അച്ഛനെ പറ്റി പറയുമ്പോൾ എല്ലാത്തിനും ഒരു പരിധിയുണ്ട് എന്നേ തനിക്ക് പറയാൻ സാധിക്കുള്ളു എന്നാണ്. അച്ഛൻ ഒരു പബ്ലിക്ക് ഫി​ഗറാണ്. വിമർശനം  ആവാം, അതൊരു തെറ്റായിട്ട് തോന്നിയിട്ടില്ല, പക്ഷേ അബ്യൂസ് ചെയ്യുന്നത് ശരിയല്ല. വീട്ടിലിരിക്കുന്ന തന്റെ അമ്മയെയും പെങ്ങൻമാരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ മോശമായിട്ട് എഴുതുന്നത് ശരിയായിട്ട് തോന്നുന്നില്ല എന്നും മാധവ് സുരേഷ് പറയുന്നു.

ഇതൊക്കെ കേൾക്കുമ്പോൾ ഇറിറ്റേഷൻ വരാറുണ്ട്. പക്ഷേ സ്വന്തം ഐഡന്റിറ്റി പോലും പുറത്ത് പറയാൻ പേടിക്കുന്ന നട്ടെല്ലില്ലാത്ത ആളുകളാണ് ഇത്തരം കമന്റിടുന്നത്. ഇത്തരത്തിൽ സ്വന്തം ജീവിതത്തിൽ ശ്രദ്ധിക്കാൻ പോലും സമയമില്ലാതെ സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നവരല്ല തന്റെ ജീവിതം തീരുമാനിക്കുന്നത്. ഇവരുടെ വാക്കുകളെല്ലാം അപ്രസക്തമാണ്. തന്റെ ജീവിതത്തിനും തന്റെ വളർച്ചക്കും ഇതൊന്നും പ്രസക്തമായ വിഷയമല്ല എന്നും മാധവ് സുരേഷ് പറയുന്നു. അഭിപ്രായങ്ങൾ ആണെങ്കിൽ എല്ലാവരോടും ചോദിക്കണം. അതിൽ നല്ലതും മോശമായ അഭിപ്രായങ്ങളും ഉണ്ടാവും എന്നും മാധവ് സുരേഷ് പറയുന്നു.

മറ്റുള്ളവരെ പോലെയല്ല സുരേഷ് ​ഗോപി. എല്ലാവരും സ്വന്തം കാര്യത്തിനു വേണ്ടി നെട്ടോട്ടമോടുമ്പോൾ സുരേഷ് ​ഗോപി മറ്റുള്ളവർക്കു വേണ്ടി സമയം കണ്ടെത്തുന്നയാളാണ്. മറ്റുള്ളവരെക്കാൾ ഒരുപടി മുകളിലാണ് തന്റെ അച്ഛൻ. അങ്ങനെയുള്ളൊരാൾ ഒരിക്കലും പൂർണമായും തെറ്റു ചെയ്യില്ല. തന്റെ അച്ഛൻ സത്യസന്ധനായ വ്യക്തിയല്ല എന്ന് പറയുന്നവരുണ്ട്. താനൊരു കള്ളനല്ല എന്ന് എത്രപേർക്ക് പറയാൻ പറ്റും.? പക്ഷേ തന്റെ അച്ഛന് അങ്ങനെ പറയാൻ പറ്റുമെന്നും മാധവ് സുരേഷ് പറയുന്നു.

സിനിമാ മേഖലയിൽ കണ്ടു വരുന്ന നെപ്പോട്ടിസത്തെപ്പറ്റിയും മാധവ് സുരേഷ് സംസാരിക്കുന്നുണ്ട്. പൊതുവേ സിനിമാ മേഖലയിൽ നെപ്പോട്ടിസം വ്യാപകമായിട്ടുണ്ട്. അച്ഛൻ, മകൻ, മറ്റു ബന്ധുക്കൾ എല്ലാവരും ഒരുപോലെ സിനിമകളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു ട്രെൻഡായി മാറിയിരുന്നു. മോളിവുഡിലും അത്തരം നെപോട്ടിസം ഉണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തിലെ ഉയർച്ചയും ഒരുപോലെ പ്രധാനമാണ് എന്നും മാധവ് സുരേഷ് പറയുന്നു.

മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളുടെ മക്കളെല്ലാം സിനിമയിലുണ്ട്. സുരേഷ് ​ഗോപിയുടെ മകൻ ആയതു കൊണ്ടാണ് തനിക്കും ചേട്ടനും സിനിമയിൽ അവസരം കിട്ടിയത്. അല്ലാതെ സിനിമക്കു വേണ്ടി ഒരു പ്രത്യേക എഡ്യുക്കേഷനോ ഒന്നും തന്നെ തങ്ങൾ രണ്ടു പേരും നേടിയിട്ടില്ല. സുരേഷ് ​ഗോപി എന്ന ടാഗ്‌ലൈൻ  ഉണ്ടായിട്ടുണ്ട്. അത് താൻ തിരിച്ചറിയുന്നുണ്ട് എന്നും എന്നാൽ പക്ഷേ മക്കൾക്ക് സിനിമയിൽ അവസരം വാങ്ങി തരാമെന്ന് ഇതുവരെ അച്ഛൻ പറഞ്ഞിട്ടുമില്ല. ആ രീതിയിൽ ഒരു സമീപനവും അദ്ദേഹം സ്വീകരിച്ചിരുന്നില്ല എന്നും മാധവ് സുരേഷ് വ്യക്തമാക്കുന്നു.

അച്ഛന്റെ സിനിമകളെപ്പറ്റിയും മാധവ് സുരേഷ് സംസാരിക്കുന്നുണ്ട്. അച്ഛന്റ സിനിമകളെല്ലാം തന്നെ തനിക്ക് ഇഷ്ടമാണ്. പക്ഷേ വ്യക്തിപരമായി ഭരത് ചന്ദ്രൻ ഐപിഎസ് ആണ് തനിക്ക് ഇഷ്ടം. എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ അച്ഛൻ ചെയ്ത ഒരു കഥാപാത്രം ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ അത് ലേലം, വാഴുന്നോർ’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാവും എന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.

കുമ്മാട്ടിക്കളി’യുടെ പ്രമോഷന്റെ ഭാഗമായി ഈയടുത്ത് നൽകിയ മറ്റൊരു അഭിമുഖത്തിൽ  സെലിബ്രിറ്റികൾക്ക് സോഷ്യൽ മീഡിയയിൽ കൂടി ലഭിക്കുന്ന കമന്റുകളെപ്പറ്റിയും മാധവ് സുരേഷ് സംസാരിച്ചിരുന്നു. സെലിബ്രിറ്റികളെക്കുറിച്ച് ആളുകൾ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നുണ്ട്. അവരെപ്പറ്റി എന്തും പറയാം എന്ന തോന്നലുണ്ട് ആളുകൾക്ക്  പക്ഷെ അതിനും ഒരു ബേസിക് സ്റ്റാന്റേര്ഡ് വേണം എന്നും മാധവ് സുരേഷ് അഭിപ്രായപ്പെടുന്നു.

അച്ഛന്‍ ബിജെപിയില്‍ കയറിയ സമയത്ത് തന്നെയും അമ്മയേയും പെങ്ങമാരേയും കുറിച്ച് വന്ന കമന്റുകളെ വള്‍ഗര്‍ എന്ന് പറയുന്നത് തന്നെ അണ്ടര്‍ സ്റ്റേറ്റ്‌മെന്റാകും എന്നും സ്വന്തം അമ്മയേയും പെങ്ങന്മാരേയും ഭാര്യയേയും ബഹുമാനിക്കുന്നവര്‍ ഒരിക്കലും അങ്ങനെ സംസാരിക്കില്ലെന്നും മാധവ് സുരേഷ് പറഞ്ഞു.