
രജനികാന്ത് നായകനാവുന്ന കൂലിയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം നാഗാര്‍ജുനയാണ്. ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നുള്ള നാഗാര്‍ജുനയുടെ ഒരു രംഗം ആരോ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു.
39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചോര്‍ന്നത്. വന്‍ ഹൈപ്പ് ഉള്ള ചിത്രമായതിനാല്‍ ഇത് വളരെവേഗം വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തനിക്കുള്ള നിരാശ പങ്കുവച്ച് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒരു റെക്കോര്‍ഡിംഗ് കൊണ്ട് ഒന്നുമല്ലാതായി തീര്‍ന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് എല്ലാവരോടും താഴ്മയായി അഭ്യര്‍ഥിക്കുന്നുവെന്നാണ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

തുടര്‍ച്ചയായി തമിഴ് സിനിമക്ക് രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ സാധിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. കൈദി, വിക്രം, ലിയോ എന്നീ സിനിമകളുടെ വന്‍ വിജയത്തിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി മാറാന്‍ ലോകേഷിന് സാധിച്ചിട്ടുണ്ട്. ലോകേഷിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. രജിനികാന്തിനൊപ്പം ലോകേഷ് ആദ്യമായി ഒന്നിക്കുന്ന സിനിമകൂടിയാണിത് .

രജിനികാന്തിന്റെ കരിയറിലെ 171ാമത് സിനിമയാണ് കൂലിയെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കൂലിയില്‍ നാഗാര്‍ജുന’ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെയാണ് ഒന്നിക്കുന്നത്. സൈമണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന എത്തുന്നത്. സെറ്റിൽ നിന്നും നാഗാര്‍ജുനയുടെ ലീക്കായ ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
കൂലിയുടെ ഷൂട്ടിങ്ങിന് ഇടയിൽ സെറ്റില്‍ വെച്ച് ആരുമറിയാതെ എടുത്ത വീഡിയോ എക്‌സില്‍ ഉള്‍പ്പെടെ ട്രെന്‍ഡിങ്ങില്‍ ആവുകയായിരുന്നു. വിശാഖപട്ടണത്ത് വെച്ച് ഷൂട്ട് ചെയ്ത സീനാണ് ലീക്കായിരിക്കുന്നത്. സ്യൂട്ട് ധരിച്ച നാഗാര്‍ജുന ചുറ്റിക കൊണ്ട് ഒരാളെ അടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതില്‍ ഒരു വീഡിയോ ദൂരെ നിന്ന് ചിത്രീകരിച്ചതാണെങ്കില്‍ മറ്റൊന്ന് തൊട്ടടുത്ത് നിന്ന് ചിത്രീകരിച്ചതാണ്. നാഗാര്‍ജുന തമിഴില്‍ ഡയലോഗ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഒപ്പം ഒരു കൂട്ടം ആളുകള്‍ ഓടുന്ന സീനിന്റെ വീഡിയോയും ലീക്കായിട്ടുണ്ട്.
വീഡിയോകള്‍ എക്‌സില്‍ ട്രെന്‍ഡിങ്ങിലാണ്. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. കൂടാതെ കൂലിയില്‍ മലയാളിയായ സൗബിന്‍ ഷാഹിറും വേഷമിടുന്നുണ്ട്. ദയാല്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ഒപ്പം ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര ഉള്‍പ്പെടെയുള്ളവരും കൂലിയുടെ ഭാഗമാകുന്നുണ്ട്.











