ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം ആര് ? ബേസിൽ ശ്രീനിവാസന്റെ പിൻഗാമി ; ഉർവശി  

മലയാള സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരെന്ന ചോദ്യം പലപ്പോഴും ഉയർന്നുവരാറുണ്ട് . ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന യുവതാര നിരയിൽ പൃഥ്വിരാജ് ,  ഫഹദ് ഫാസിൽ , തുടങ്ങിയ പേരുകൾ പലരും പറഞ്ഞു കേക്കാറുമുണ്ട് .

ഇപ്പോൾ ഈ ചോദ്യത്തിന് ഉർവശി പറഞ്ഞ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത് . പലപ്പോഴും സമയോചിതമായി മറുപടി പറയാറുള്ള ഉർവശി ഇവിടെയും അത് തെറ്റിച്ചില്ല .  മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ ഇഷ്ടമെന്ന്  ചോദിക്കുമ്പോൾ ഉർവശി എന്ന കനി കുസൃതിയുടെ വൈറലായ മറുപടി കൂടി ചേർത്തുവെച്ചുകൊണ്ടാണ് അവതാരകൻ  ഉർവശിയോട് ആ ചോദ്യം ചോദിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ ഫഹദ് ഫാസിലായിരിക്കുമെന്നാണ് ഉര്‍വശി പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണ്. ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന ഉയരത്തിലെത്തിക്കാന്‍ അവര്‍ വഹിച്ച പങ്ക് ചെറുതല്ല.

സൂപ്പര്‍സ്റ്റാര്‍സ് എന്നതുപോലെ മികച്ച നടന്മാര്‍ കൂടിയാണ് അവര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന മലയാള നടന്‍ ഫഹദ് ഫാസിലായിരിക്കുമെന്നാണ് തന്റെ  അഭിപ്രായമെന്നും ഉർവശി പറഞ്ഞു. തമിഴിലും തെലുങ്കിലുമൊക്കെ മികച്ച സിനിമകള്‍ ഫഹദിനെ  തേടിയെത്തുന്നുണ്ട്. നായകവേഷം മാത്രമെ താന്‍ ചെയ്യുള്ളൂവെന്ന നിര്‍ബന്ധമൊന്നും ഫഹദിനില്ല. ’22 ഫീമെയില്‍ കോട്ടയം, ചാപ്പാ കുരിശ്’ പോലുള്ള സിനിമകള്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്തയാളാണ് ഫഹദ്.

ഏത് തരം കഥാപാത്രവും ചെയ്യാന്‍ പറ്റുന്ന നടനാണ് അയാള്‍. ഏറ്റവും ലാസ്റ്റ് ചെയ്ത ‘ആവേശം’ കൂടിയായപ്പോള്‍ ആക്ഷന്‍ റോളും ചെയ്യാന്‍ പറ്റുമെന്ന് ഫഹദ് തെളിയിച്ചു. ഇനി മലയാളത്തില്‍ നിന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ ഫഹദ് ഫാസിൽ ആകുമെന്നും  ഉര്‍വശി പറഞ്ഞു.

പിന്നീട് നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ കുറിച്ചും ഉർവശി സംസാരിച്ചു. ഒരു ബ്രില്യന്റ് ആക്ടറെന്ന് ബേസിൽ ജോസഫിനെ പറയാം. ശ്രീനിവാസന്റെ  പിൻ​ഗാമിയായിട്ടും പറയാം. ബാക്കി എല്ലാ അഭിനേതാക്കളും ടാലന്റഡ് തന്നെയാണ്, ആരെയും താൻ  കുറച്ച് പറയുകയല്ല. ഓരോരുത്തരും ഓരോ രീതിയിലാണ്.

അതുപോലെ പൃഥ്വിരാജ്’ അയാളുടെ ഉള്ളിൽ വളരെ നല്ലൊരു സംവിധായകനുണ്ടെന്ന് പ്രൂവ് ചെയ്ത് കഴിഞ്ഞു. മോഹൻലാലിനും മമ്മൂട്ടിയ്ക്കും  ശേഷം വന്നവരിൽ ഒരുപാട് നടന്മാർ ഓൾറൗണ്ടേഴ്സാണ്.

കമൽഹാസന്റെ സിനിമകളിൽ മറ്റൊരു നടൻ ശ്രദ്ധിക്കപ്പെടുക എന്നത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ‘വിക്രം’ എന്ന സിനിമ ഫഹദിനും കൂടി വേണ്ടിയാണ് ഓടിയത്. ചില സീനുകളിൽ ആളുകൾ ഫഹദിനെ പ്രതീക്ഷിച്ച് കാണുന്ന രീതിയിലേക്ക് വരെ മാറി. തനിക്കും വളരെ ഇഷ്ടമുള്ള നടനാണ് ഫഹദെന്നാണ് ഉർവശി ഫഹദ് ഫാസിലിനെപ്പറ്റി  പറ‍ഞ്ഞത്.

അതേസമയം തമിഴും തെലുങ്കും കടന്നു ബൊളിവഡിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ .  ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയായിരിക്കും ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ഒരുങ്ങുന്നത്. അതിന്റെ ഭാ​ഗമായി ഫഹദും ഇംതിയാസും നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

സിനിമയിലെ നായിക ഉൾപ്പടെയുള്ള വേഷങ്ങൾക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ഹൈവേ, ലൈലാ മജ്നു തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഇംതിയാസ് അലി. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ ഏറെ ആഹ്ളാദത്തിലാണ് ആരാധകർ. പ്ര​ഗത്ഭരായ നടനും സംവിധായകനും ഒന്നിക്കുമ്പോൾ മികച്ച സിനിമ തന്നെ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. തമിഴിൽ വേട്ടയ്‌യാനും തെലുങ്കിൽ പുഷ്പ റ്റുവുമാണ് റിലീസിനൊരുങ്ങുന്നത് . മലയാളത്തിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ബ്ലോഗിന് വില്ല ആണ് മലയാളത്തിലൊരുങ്ങുന്ന ഫഹദിന്റെ സിനിമ .