
മലയാള സിനിമാ ലോകത്തെ അറിയാക്കഥകൾ ഓരോന്നായി ഇങ്ങനെ ഓരോ ദിവസങ്ങളിലും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരത്തിൽ തന്റെ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധയകന്റെ വെളിപ്പെടുത്തൽ.
അന്തരിച്ച നടി ശ്രീവിദ്യയെ ദുരുദ്ദേശ്യത്തോടെ സമീപിക്കാൻ ശ്രമിച്ച പ്രമുഖനെ തനിക്കറിയാമെന്ന് ആലപ്പി അഷറഫ് പറയുന്നു. ഉന്നത ബന്ധങ്ങളുള്ള ഒരു സുഹൃത്താണ് തന്നെ അന്ന് സമീപിച്ചത് എന്നും ആലപ്പി അഷറഫ് പറയുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് വലിയ രാഷ്ട്രീയക്കാരന്റെ മകനാണ്. ഈ രാഷ്ട്രീയ നേതാവ് പിൽക്കാലത്ത് മുഖ്യമന്ത്രിയുമായി. ഈ നേതാവിന്റെ മകന് ഒരു സീരിയൽ നിർമിക്കാൻ താൽപര്യമുണ്ടായി. ശ്രീവിദ്യ ഉൾപ്പെടെയുള്ള ആളുകളെ വെച്ച് ഈ സീരിയൽ എടുക്കണമെന്ന നിർദ്ദേശവും വന്നു. സീരിയലിന്റെ പ്രാഥമികമായ ചർച്ചയും നടന്നു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ നേതാവിന്റെ മകനുമായി ഈ സുഹൃത്ത് വീട്ടിലേക്ക് വന്നു. അദ്ദേഹത്തെ അന്നാണ് ആദ്യമായി താൻ അടുത്ത് കാണുന്നത് . അധികം സംസാരിക്കുന്ന പ്രകൃതമല്ല അയാളുടേത്. താൻ ആർട്ടിസ്റ്റുകളെ വിളിച്ച് എഴുതാനുള്ള കാര്യങ്ങൾ ഓർഗനൈസ് ചെയ്യാനും തുടങ്ങിയിരുന്നു. ശ്രീ വിദ്യാമ്മയുമായി സീരിയലിനെപ്പറ്റി സംസാരിച്ചു. ഡേറ്റ് നോക്കിയിട്ട് വരാം എന്ന് ശ്രീവിദ്യാമ്മ താൽപര്യപൂർവം പറഞ്ഞു . പലരോടും ശ്രീവിദ്യാമ്മ ഈ സീരിയലിനെപ്പറ്റി പറഞ്ഞെന്ന് തോന്നുന്നു എന്നും ആലപ്പി അഷറഫ് പറയുന്നു കാരണം എന്തെന്നാൽ അതിന് ശേഷം തന്നെ മുൻനിര സീരിയൽ നടൻമാർ അവസരം ചോദിച്ചു വിളിച്ചു. ബാക്കി കാര്യങ്ങൾക്കായി സുഹൃത്തിനെ വിളിച്ച് സംസാരിച്ചു. പിറ്റേ ദിവസം അയാൾ വന്നു. എല്ലാം ഓക്കെയാണ്, ഒരു കാര്യം പറയാൻ ബുദ്ധിമുട്ടുണ്ട് അഷറഫ് ചേട്ടാ, പറഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടാകും എന്ന് അയാൾ പറഞ്ഞു.

എന്തുപറ്റിയെന്ന് താൻ ചോദിച്ചു. ഈ സീരിയലിന് വേണ്ടി നേതാവിന്റെ മകൻ പണം മുടക്കുന്നത് ശ്രീവിദ്യയോട് പുള്ളിക്ക് കൂടുതൽ താൽപര്യമുള്ളത് കൊണ്ടാണ്. അതൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടിയാണ് പുള്ളി സീരിയൽ എടുക്കുന്നതെന്ന് പറഞ്ഞു. അതുകേട്ട് താനാകെ ഷോക്കായി. അദ്ദേഹം തന്റെ മുഖത്ത് നോക്കിയിരുന്നു. തന്റെ പേര് ആലപ്പി അഷറഫ് എന്നാണ്. തന്റെ മുന്നിൽ മാമ എന്ന രണ്ടക്ഷരം ചേർക്കാൻ ആഗ്രഹമില്ല, ഇവിടെ വെച്ച് നിർത്താം സുഹൃത്തേ എന്ന് താൻ പറഞ്ഞു എന്നും അഷറഫ് ചൂണ്ടിക്കാട്ടി. താനന്ന് അതിനു സമ്മതം മൂളിയിരുന്നെങ്കിൽ തന്റെ സാമ്പത്തിക കാര്യങ്ങളും പ്രശസ്തിയും വീണ്ടും തിരിച്ച് കൊണ്ട് വരാമായിരുന്നു എന്നും ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടി.
പക്ഷെ താനപ്പോഴും ഓർത്തത് പ്രേം നസീറെന്ന തന്റെ ഗുരുനാഥനെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മൂല്യങ്ങൾ കൈവിടരുതെന്ന് അദ്ദേഹം തന്നോട് പറയുമായിരുന്നെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നേരത്തെ ചാനൽ ചർച്ചകളിലും ആലപ്പി അഷറഫ് സംസാരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങൾക്ക് മുന്നിലെത്തുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടിമാർ നേരിടുന്ന പ്രശ്നങ്ങൾ കൂടുതൽ ജനശ്രദ്ധയിലേക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ച്, സെറ്റുകളിൽ അടിസ്ഥാന സൗകര്യമില്ലായ്മ, പവർ ഗ്രൂപ്പിന്റെ ഇടപെടൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചെല്ലാം റിപ്പോർട്ടിൽ സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ നിയന്ത്രിച്ച 15 അംഗ സംഘത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പരാതികൾ വന്നതോടെ പ്രമുഖ നടൻമാർക്കും സംവിധായകർക്കുമെതിരെയൊക്കെ കേസെടുത്തിട്ടുമുണ്ട്. ചിലർ മുൻകൂർ ജാമ്യാപേക്ഷ നേടി. ചിലരുടെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.











