
ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടിവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകൾ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ നടന്നത്.
മുകേഷ് നല്‍കിയ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം മുകേഷിനെ വിട്ടയക്കുകയായിരുന്നു. ചോദ്യംചെയ്യലിന് എത്തുമ്പോഴോ അതിനുശേഷം തിരികെ പോകുമ്പോഴോ മാധ്യമങ്ങളോട് പ്രതികരിക്കാൻ മുകേഷ് തയ്യാറായില്ല. സിനിമയിൽ അവസരവും അമ്മ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടി പരാതി നൽകിയത്.

ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പത്തു വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.
ലൈംഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്.
മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഹർജിയിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മുകേഷിന്റെ അറസ്റ്റ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.
അതിരസ്‌മയം യുവ നടിയുടെ ബലാത്സംഘ പരാതിയിൽ നടൻ സിദ്ധിക്കിനെതിരെയും കേസെടുത്തിരുന്നു. സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി സിദ്ധിഖിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നുമാണ് വിവരം. നിലവിൽ സിദ്ധിക്ക് ഒളിവിൽ പോയിരിക്കുകയാണ്. നടനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടെസും പുറപ്പെടുവിച്ചിട്ടുണ്ട്. നടനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിദ്ധിക്കിനെ പിടികൂടിയാൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം











