ബോച്ചെ വാക്ക് പാലിച്ചു; ശ്രുതിക്ക് വീടിനായി 10 ലക്ഷം കൈമാറി ഒപ്പം ജോലി വാഗ്ദാനവും ; ഒരേട്ടനെ പോലെ എന്നും കൂടെ ഉണ്ടാവും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ ശ്രുതിക്ക് വീട് വെക്കാനായി സഹായമായി പത്ത് ലക്ഷം രൂപ നല്‍കി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോബി ചെമ്മണ്ണൂര്‍ നൽകിയ ഉറപ്പാണ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്.

ഈ തുക ടി സിദ്ദിഖ് എംഎല്‍എ ശ്രുതിക്ക് കൈമാറി. അപകടത്തില്‍ പരുക്കേറ്റ ശ്രുതി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. ചികിത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വ്യവസായി ബോബി ചെമ്മണ്ണൂർ ശ്രുതിയെ ആശുപത്രിയിലെത്തി സന്ദർശിച്ചത്. ജെൻസണിൻ്റെ പിതാവിനെയും ബോബി ചെമ്മണ്ണൂര്‍ കണ്ടിരുന്നു. താൻ ഒരു ഏട്ടനെപ്പോലെ കൂടെയുണ്ടാകുമെന്നും വീട് വച്ച് നൽകുമെന്നും ശ്രുതിക്ക് വാക്ക് നൽകിയാണ് ബോബി ചെമ്മണ്ണൂര്‍ അന്ന് ആശുപത്രി വിട്ടത്.

തുടർന്ന് രണ്ട് ദിവസത്തിനുശേഷം ശ്രുതി ആശുപത്രി വിട്ട് കൽപ്പറ്റ അമ്പിലേരിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ വച്ചാണ് കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖ് ശ്രുതിക്ക് ചെക്ക് കൈമാറിയത്. ജെൻസണിൻ്റെ അമ്മ മേരിയും ശ്രുതിയോടൊപ്പം ഉണ്ടായിരുന്നു. 10 ലക്ഷം കൊണ്ട് സഹായം അവസാനിപ്പിക്കില്ലെന്നും ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും തൃശൂരിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിക്കവേ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

എല്ലാവരോടും നന്ദിയുണ്ടെന്നും ചെയ്യുന്ന സഹായങ്ങൾക്കെല്ലാം സന്തോഷം ഉണ്ടെന്നും ശ്രുതി പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് ബോച്ചെയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്രവേഗം വാക്കു പാലിച്ചത് അദ്ദേഹത്തിൻ്റെ സ്ഥിരം ചാരിറ്റി ശൈലിയുടെ പ്രത്യേകതയാണെന്നും അഡ്വ. സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു. മാത്രമല്ല ശ്രുതിക്ക് ജീവിക്കാന്‍ ജോലി ആവശ്യമാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായിരുന്ന ജോലി നിലവില്‍ തുടരാനാവില്ല. സര്‍ക്കാര്‍ ജോലി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സിദ്ദിഖ് എംഎല്‍എ അറിയിച്ചു.

നേരത്തെ ചൂരല്‍മലയില്‍ സ്വന്തം വീടെന്ന ആഗ്രഹം പൂര്‍ത്തിയാക്കി, ഗൃഹപ്രവേശനത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ദുരന്തത്തില്‍ സ്വന്തം വീടെന്ന സ്വപ്നത്തിനൊപ്പം ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയുമെല്ലാം നഷ്ടപ്പെട്ടു.  ഇതിന് പിന്നാലെയാണ് പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞു ഇരിക്കവേ ആണ് ശ്രുതിയെ തേടി അടുത്ത ദുരന്തവും എത്തിയത് .

ശ്രുതിക്ക് താങ്ങായി കേരളം മൊത്തം ഉണ്ടാവുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച് നല്‍കുമെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചത്. കല്‍പ്പറ്റയില്‍ തന്നെ വീട് വെക്കണമെന്നായിരുന്നു ശ്രുതിയുടെ ആഗ്രഹം. അതുപ്രകാരം വീട് വെക്കാനുള്ള തുക എംഎല്‍എയ്ക്ക് കൈമാറുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍.

അതേസമയം ശ്രുതിയുടെ കുടുംബത്തിലെ ഒന്‍പത് പേരാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചത്. വാഹനാപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയിലെ ബന്ധുവിനൊപ്പമാണ് കഴിയുന്നത്. ഒരു കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെ കാലിനും സര്‍ജറി ആവശ്യമാണ്. നേരത്തെ തന്നെ ശ്രുതിക്ക് സര്‍ക്കാരിന്റെ ജോലി വാഗ്ദാനം ലഭിച്ചതാണ്.

എല്ലാ സഹായവുമായി ജെന്‍സന്റെ കുടുംബം എപ്പോഴും തനിക്കൊപ്പമുണ്ട്. ചില യുട്യൂബ് ചാനലുകള്‍ അവര്‍ തനിക്കൊപ്പം നിന്നില്ലെന്ന് വാര്‍ത്ത നല്‍കി. അത് വലിയ വിഷമമുണ്ടാക്കിയെന്നും നേരത്തെ ശ്രുതി പറഞ്ഞിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം ശ്രുതിയെ തനിച്ചാക്കിയത്.

ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്.  കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനെ ശ്രുതിക്ക് നഷ്ടപ്പെടുന്നത്. ജെൻസണും ശ്രുതിയും കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.