
ബലാത്സംഗ കേസിൽ സുപ്രീംകോടതിയില്‍ നിന്നും മുന്‍കൂർ ജാമ്യം തേടാനുള്ള നടന്‍ സിദ്ധീഖിന്റെ നീക്കം തടയിടാന്‍ അതിജീവിത. സിദ്ധീഖിന്റെ നീക്കത്തെ പ്രതിരോധിക്കാനായി അതിജീവിത സുപ്രീംകോടതിയില്‍ തടസ്സ ഹർജി നല്‍കി.
പ്രതി മുന്‍കൂർ ജാമ്യാപേക്ഷയുമായി ഇന്ന് കോടതിയെ സമീപിച്ചേക്കുമെന്ന വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയിലാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. മാത്രമല്ല നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ടായിരുന്നു. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോൺ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പൊലീസിനായിട്ടില്ല.
സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. സിദ്ധീഖിനെ തേടി കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലുകളില്‍ അടക്കം പൊലീസ് പരിശോധന നടത്തി. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.
ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്. ഇപ്പോൾ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഹർജി നല്‍കുന്നതിന് മുമ്പ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.
ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിക്കുകയും ഹൈക്കോടതിയുടെ വിധിപകർപ്പ് കൈമാറുകയും ചെയ്തിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള കാര്യങ്ങള്‍ സിദ്ധീഖ് സുപ്രീംകോടതിയിലും ചൂണ്ടിക്കാട്ടും. കേസില്‍ ഹൈക്കോടതി മുന്‍കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ധിഖിനായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട് പൊലീസ്. സിദ്ധിക്ക് രാജ്യം വിടുന്നത് തടയാനാണ് പൊലീസിന്റെ നീക്കം.
അതേസമയം 2016 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സിദ്ധിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിക്കുകയും ലൈംഗീകചേഷ്ടകള്‍ കാണിച്ചതായും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി വ്യക്തമാക്കിയിരുന്നു. നേരിടേണ്ടി വന്ന ദുരനുഭവും പുറത്തുപറഞ്ഞ സാഹചര്യത്തില്‍ തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും സിനിമ മേഖലയില്‍ നിന്ന് മാറ്റിനിർത്തുകയായിരുന്നെന്നും യുവനടി പറഞ്ഞു.
സിദ്ധിഖില്‍ നിന്നുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ഇനിയും മാറിയിട്ടില്ലെന്നും യുവനടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണെന്നും സഹകരിച്ചില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടിവരുമെന്നും സിദ്ധീഖ് പറഞ്ഞതായും പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ വാദം തെളിയിക്കുന്നതിന് സഹായകരമായ തെളിവുകള്‍ കണ്ടെത്താനും പൊലീസിന് സാധിച്ചത് കേസില്‍ നിർണ്ണായകമായി.











