സിദ്ധിഖിനെ തള്ളിപ്പറയാതെ കുടുംബം; പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രവുമായി മകൻ 

കേസും വിവാദവുമായി മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് നടൻ സിദ്ധിഖ് ഇപ്പോൾ. യുവനടിയുടെ പരാതിയിൽ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയപ്പോൾ അറസ്റ്റുണ്ടാകാതിരിക്കാൻ ഒരാഴ്ചയോളം നടൻ ഒളിവിലായിരുന്നു.

തുടർന്ന് സുപ്രീംകോടതി ഇടക്കാല ആശ്വാസം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല കഴിഞ്ഞ ദിവസം സിദ്ധിഖിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു. നടൻ കേസിൽ കുരുങ്ങി കിടക്കുകയാണെങ്കിൽ കൂടിയും സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു.

സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു. ഷെഹീന്റെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടാണ് മകൻ പിതാവിന് ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ വാപ്പിച്ചിയെന്നാണ് ഷെഹീൻ കുറിച്ചത്. പേരക്കുട്ടിയെ കൈകളിൽ എടുത്ത് കൊ‍ഞ്ചിക്കുന്ന സിദ്ദീഖിനെ ചിത്രങ്ങളിൽ കാണാം. സിദ്ധിഖിന് പിറന്നാൾ ആശംസകൾ നേർന്നുള്ള സോഷ്യൽമീഡിയ പോസ്റ്റിന്റെ കമന്റ് ബോക്സ് ഷെഹീൻ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

എന്നാൽ ഈക്കഴിഞ്ഞ ജൂണിൽ സിദ്ദീഖിന്റെ മൂത്ത മകൻ സാപ്പിയുടെ അകാലവേർപാടിന്റെ വേദനയിലായിരുന്ന കുടുംബത്തിന് സാന്ത്വനമായാണ് കുടുംബത്തിലേക്ക് പുതിയ അതിഥി വന്നത്. ജൂലൈ ഇരുപത്തിയേഴിനാണ് ഷെഹീൻ തനിക്കും ഭാര്യ അമൃത ദാസിനും പെൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്. ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.  സിദ്ദീഖിന്റെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ പേരക്കുട്ടിയാണ് ഷെഹീന്റെ മകൾ.

അതേസയമം കഴിഞ്ഞ ദിവസം കൊച്ചിയിലെ വക്കീല്‍ ഓഫീസിലാണ് ഒളിവിലായിരുന്ന സിദ്ദിഖ് ആദ്യം എത്തിയത്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തതോടെയാണ് അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ എറണാകുളം നോര്‍ത്തിലെ ഓഫീസിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സിദ്ദിഖ് എത്തിയത്. മകന്‍ ഷഹീനും ഒപ്പമുണ്ടായിരുന്നു. അഭിഭാഷകന്റെ ഓഫീസിലെത്തിയ സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഒളിവിൽ പോയ ഒരാഴ്ച സിദ്ദിഖ് കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നതായാണു ലഭ്യമായ വിവരം.

രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചിരുന്നു.

സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം ആവശ്യപ്പെട്ടത് . ഇപ്പോഴത്തെ നിലയിൽ അറസ്റ്റുചെയ്താൽ വേണ്ടപോലെയുള്ള കസ്റ്റഡി ചോദ്യം ചെയ്യൽ അസാധ്യമാകും. സിദ്ദിഖ് പറയുന്നത് മാത്രം മൊഴിയായെടുത്ത് കോടതിയിൽ ഹാജരാക്കേണ്ടതായി വരും. അതൊഴിവാക്കി ചോദ്യം ചെയ്ത് വിട്ടയക്കാനും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായശേഷം അറസ്റ്റ് നടപടികളിലേക്ക് കടന്നാൽ മതിയോ എന്നുമാണ് എസ് ഐ ടിയുടെ ആലോചന.