എന്തും തുറന്ന് പറയാൻ പറ്റുന്ന സുഹൃത്ത് , അതായിരുന്നു അവൾ ; പട്ടിണി കിടത്തില്ലെന്ന ഉറപ്പിലായിരുന്നു വിവാഹം

വയലിനിൽ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. സംഗീത ലോകത്തു നിന്നും ആ വയലിൻ നാദം നിലച്ചിട്ട് ഇന്നേക്ക് 6 വർഷം തികയുകയാണ്. 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്.

അപകടമുണ്ടായി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് താരത്തിന്റെ വേര്‍പാടുണ്ടാവുന്നത്. അപകടത്തില്‍ ബാലഭാസ്‌കറിനൊപ്പം ഏക മകള്‍ ത്വേജസിനിയും മരിച്ചിരുന്നു. ആറ് വര്‍ഷം മുന്‍പുണ്ടായ താരത്തിന്റെ വിയോഗം ഇന്നും ഓര്‍മ്മിക്കപ്പെടുകയാണ്.

ബാലു എന്ന് വിളിച്ച് പലരും താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് തുടങ്ങി. ഇതിനിടെ ബാലഭാസ്‌കറിന്റെ വിവാഹക്കഥയും വൈറലാവുകയാണ്. അപകടത്തിന് ശേഷം താരത്തിന്റെ ഭാര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ എന്തും തുറന്ന് പറയാന്‍ പറ്റുന്നൊരു സുഹൃത്തായിരുന്നു ലക്ഷ്മിയെന്നാണ് ബാലു പറഞ്ഞിട്ടുള്ളത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടി പോയിട്ടാണ് ബാലുവും ലക്ഷ്മിയും വിവാഹിതരാവുന്നത്. ലക്ഷ്മിയുടെ വീട്ടിൽ വിവാഹത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. അന്ന്  ലക്ഷ്മിയുടെ വീട്ടില്‍ പെണ്ണ് ആലോചിച്ച് പോയതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ബാലഭാസ്‌കര്‍ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

കോളേജ് പ്രധാന സമയത്ത് ഒരു ക്രിസ്തുമസ് അവധിയ്ക്ക് ലക്ഷ്മിയുടെ വിവാഹം ഉറപ്പിക്കാൻ പോകുകയാണ്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു. വിവാഹം എന്നല്ലാതെ മറ്റൊരു മാർഗവും തന്റെ മുന്നിൽ ഇല്ലായിരുന്നു. ഞാനും ഒരു ട്യൂഷന്‍ സാറും കൂടി അവളുടെ വീട്ടില്‍ പോയി. പെണ്ണ് ചോദിക്കാന്‍ പോകുകയാണ്. ബാലഭാസ്‌കര്‍ എന്നു പറഞ്ഞ ഏതോ ഒരു സിനിമാക്കാരന്‍ ഇവളുടെ പുറകേ നടപ്പുണ്ട് എന്നിങ്ങനെ അവര്‍ കേട്ടിരുന്നു. താടിയൊക്കെ വളര്‍ത്തി ഏതോ വലിയൊരാള് എന്നൊക്കെയായിരിക്കും അവര് പ്രതീക്ഷിച്ചത്. ഞാനന്ന് ഇതിനേക്കാളും വൃത്തികെട്ട കോലമാണ് എന്നൊക്കെയാണ് ബാലഭാസ്‌ക്കർ പറയുന്നത്. വിജയ മോഹന്‍ എന്ന ട്യൂഷന്‍ സാറിന്റെയടുത്താണ് താന്‍ ഹെല്‍പ്പ് ചോദിക്കുന്നതെന്നും സാറ് എന്റെ കൂടെ വരാമെന്നു പറയുന്നു. ഞാനും സാറും കൂടെ നേരെ അവളുടെ വീട്ടിലേക്ക് പോയി, സംസാരിച്ചുവെന്നും ബാലഭാസ്കർ പറയുന്നു .

അവളുടെ അച്ഛനുണ്ട്. അച്ഛനോട് സാറ് കാര്യങ്ങള്‍ സംസാരിച്ചുവെന്നും കുറച്ചു നാള്‍ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞുവെന്നും ‘വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാന്‍ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണമെന്നും ബാലഭാസ്കർ പറഞ്ഞു. ഇയാളുടെ പേരെന്താന്ന് തന്റെടുത്ത് ചോദിച്ചുവെന്നും ഇതുതന്നെ ഒരു അവസരം ആക്കിയാലോയെന്ന് താന്‍ ആലോചിച്ചു. തനിക്ക് ബാലഭാസ്‌കര്‍ എന്നു പറയാന്‍ പെട്ടെന്നൊരു പേടിവന്നു അതുകൊണ്ട് തന്നെ താന്‍ കൃഷ്ണ കുമാര്‍ എന്നാണ് പേര് പറഞ്ഞതെന്നും മലയാളത്തിലാണ് പഠിക്കുന്നത്. കൂടെ വന്ന രണ്ട് ആള്‍ക്കാരും എന്റെ ഫ്രണ്ട്‌സാണ് എന്നും പറഞ്ഞുവെന്നും സമയം കഴിയുന്തോറും പേടിയായിരുന്നു. ലക്ഷ്മിയുടെ അനിയന്‍ ആ കോളജിലായിരുന്നു പഠിക്കുന്നത്. അവന് എന്നെ അറിയാം. അവന്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പ്രശ്‌നമാകുമോയെന്നായിരുന്നു പേടിയെന്നും ബാലഭാസ്‌ക്കർ പറയുന്നു.

നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോള്‍ സാറിനോട് നമുക്ക് തിരിച്ചുപോകാമെന്ന് താന്‍ പറഞ്ഞു. പക്ഷേ സാറ് വീണ്ടും വീണ്ടും അവരെ നിര്‍ബന്ധിക്കുകയാണ്. അവസാനം എങ്ങനെയൊക്കെയോ സാറിനെ അവിടെ നിന്നും വലിച്ചിറക്കി കോളജിലേക്ക് തിരിച്ചെത്തുകയായിരുന്നു. അവിടെയെത്തി ലക്ഷ്മിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. നീയിന്ന് തിരിച്ച് വീട്ടില്‍ പോകുകയാണെന്നുണ്ടെങ്കില്‍ തിരിച്ചിനി കോളേജിലെത്താന്‍ പറ്റില്ല. അതുകൊണ്ട് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം. അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം. എല്ലാവരേയും എതിര്‍ത്ത് തന്റേടം കാണിക്കാന്‍ വേണ്ടിയെടുത്ത ഒരു തീരുമാനമായിരുന്നില്ല അതെന്നും തന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാന്‍ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മിയെന്നും തുടക്കത്തില്‍ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ലയെന്നും ബാലഭാസ്‌ക്കർ പറയുന്നുണ്ട്.

കാരണം എനിക്കും അവള്‍ക്കും ജോലിയില്ല. ഡ്രസില്ല. കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ല. താന്‍ പട്ടിണി കിടത്തില്ലയെന്ന് ഉറപ്പു പറയാമെന്ന് ലക്ഷ്മിയിയോട് പറഞ്ഞുവെന്നും ഒരുപക്ഷേ എല്ലാ കാമുകന്മാരും പറയുന്ന വാക്കായിരിക്കാം അത്. താന്‍ വയലിന്‍ ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാമെന്നു പറഞ്ഞുവെന്നും ആ ഉറപ്പാണ് തങ്ങളുടെ വിവാഹത്തിലെത്തിയതെന്നും ലക്ഷ്മി എത്തിയതോടെ എന്റെ ജീവിതം മാറി മറിയുകയായിരുന്നുവെന്നും മുന്‍പൊരു അഭിമുഖത്തില്‍ ബാലഭാസ്‌കര്‍ പറഞ്ഞത്.

അതേസമയം യൂണിവേഴ്സിറ്റി കോളേജിലാണ് ബാലഭാസ്ക്കർ തന്റെ കലാലയ ജീവിതം ആഘോഷിച്ചത്. എംഎ സംസ്കൃത വിദ്യാർഥിയായിരുന്നു ബാലഭാസ്ക്കർ, ലക്ഷ്മി ഹിന്ദിയും. ഈ സമയത്തായിരുന്നു സഹപാഠിയായ ലക്ഷ്മിയുമായുള്ള പ്രണയവും വിവാഹവും. അവളുടെ വീട്ടുകാർ ബന്ധത്തെ ശക്തമായ രീതിയിൽ എതിർത്തതോടെയാണ് ജോലി പോലുമില്ലാതെ ഞാൻ വിവാഹം എന്ന തീരുമാനത്തിൽ എത്തേണ്ടി വന്നത്. ലക്ഷ്മിയെ വിവാഹം കഴിക്കുമ്പോൽ ആകെ കൈമുതലായി ഉണ്ടായിരുന്നത് സംഗീതം മാത്രമായിരുന്നെന്ന് ബാലഭാസ്‌ക്കർ പറഞ്ഞിട്ടുണ്ട്.

അതേസമയം ബാലഭാസ്‌ക്കറിന്റെ മരണശേഷം നിരവധി വിവാദങ്ങൾ ഉയർന്നു വന്നു. 2018 സെപ്തംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തെത്തുടർന്ന് മകൾ തേജസ്വിനി ബാല മരിച്ചു. ഒക്ടോബർ 2ന് തന്റെ നാല്പതാം വയസിൽ ബാലഭാസ്കറും യാത്രയായി. തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള ആ അന്ത്യ യാത്രയിലെ അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി ഉണ്ണിയും മറ്റു ബന്ധുക്കളും നിരത്തിയത്. അപകടത്തിൽ ബാലഭാസ്കറും മകളുമാണ് മരണപ്പെട്ടത് .  ഭാര്യയും ഡ്രൈവറും പരുക്കുകളോടെ രക്ഷപെട്ടു .

അപകടം നടന്ന സ്ഥലത്തും വാഹനത്തിലും ലോക്കൽ പൊലീസ് സാധാരണഗതിയിൽ നടത്തേണ്ട പരിശോധനകൾ പോലും നടത്തിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വാഹനം ഓടിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാൻ പോലും ലോക്കൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. എന്നാൽ, പ്രതിക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ച് ഒരു താൽപര്യവും കാട്ടിയില്ല. മരണത്തിൽ ദുരൂഹതകളില്ലെന്നും വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ശേഷം കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു.