
ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്.
നേരത്തെ, കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി കെ എസ്. സുദർശൻ അറിയിച്ചിട്ടുണ്ട്. അതേസമയം, ഓംപ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു.
കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. എന്നാൽ, എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നുവെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പൊലീസ് ചേർത്തിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം കൊച്ചി മരട് പൊലീസാണ് കഴിഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയയത്. അളവിൽ കൂടുതൽ മദ്യവും ലഹരി പദാർഥങ്ങളും കണ്ടെത്തിയതിനെ തുടർന്ന് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തത് . പ്രതിയായ ഓം പ്രകാശ് തലതാനത്തെ പ്രധാന ഗുണ്ടാ നേതാവ് കൂടിയാണ് .

കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് ഹോട്ടലിലെത്തിച്ചും വിവരങ്ങൾ തേടി. ഇയാളുടെ സുഹൃത്തായ കൊല്ലം സ്വദേശി ഷിഹാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവർ ഹോട്ടലിലുണ്ടായ സമയത്ത് ചില സിനിമ താരങ്ങളും ഇവിടെ എത്തിയിരുന്നതായും വിവരമുണ്ട്. ഹോട്ടലിൽനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നടൻ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഇവരുടെ റൂം സന്ദർശിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ . എന്നാൽ ഇവരുമായി ഓം പ്രകാശിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതായി ഒരു പ്രമുഖ മാധ്യമ റിപ്പോർട്ട് ചെയ്തു. മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. അതിനിടയിലാണ് താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്
പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓം പ്രകാശ് ഒരു മാസം മുൻപ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പൊലീസ് കസ്റ്റഡിയിലായിരുന്നു. പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിന് പുറത്തും ഇയാൾ പ്രവർത്തനം നടത്തുന്നതായാണ് വിവരം .
എന്നാൽ തന്റെ മകൾക്ക് ഈ ലഹരി കേസുമായി യാതൊരു ബന്ധവുമില്ലെന്നും നടി പ്രയാഗയുടെ അമ്മയും പ്രതികരിച്ചിരുന്നു . മകളെ വിളിച്ച് സംസാരിച്ചുവെന്നും അവൾക്ക് ഇതേപ്പറ്റി യാതൊരറിവും ഇല്ലെന്നും ‘അമ്മ വെളിപ്പെടുത്തി . വിവാദങ്ങൾ കണക്കുന്ന സാഹചര്യത്തിൽ ശ്രീനാഥ് ഭാസിയോ പ്രയാഗയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല . നടൻ ശ്രീനാഥ് ബസിക്കെതിരെ മുൻപും പല വിവാദങ്ങളും ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ താരത്തിന്റെ പ്രതികരണം എന്താണെന്ന് കാത്തിരിക്കുകയാണ് സമൂഹവും .











