
സിനിമാ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണെങ്കിലും സംയുക്ത വർമ ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഏവർക്കും പ്രിയങ്കരിയാണെങ്കിലും സോഷ്യൽ മീഡിയയുടെ കാലത്ത് സംയുക്ത വർമ്മയ്ക്കും സൈബറിടങ്ങളിൽ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നു.
സംയുക്ത വർമ്മയുടെ പുതിയ ചില ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവുമായിരുന്ന പി.വി ഗംഗാധരന്റെ സ്മരണക്കായി കോഴിക്കോട് സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര ശില്പശാലയായ ഗംഗാതരംഗത്തിൽ പങ്കെടുക്കാനാണ് സംയുക്ത വർമ്മ എത്തിയത്. ചടങ്ങിനെത്തിയ സംയുക്ത വർമ്മ കാറിൽ നിന്നിറങ്ങി പുഞ്ചിരിച്ച് കൊണ്ട് സുഹൃത്തിനടുത്തേക്ക് നടന്നു . ചെറിയ മഴയുള്ളതിനാൽ സംയുക്ത കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ സെക്യൂരിറ്റി കുടയുമായെത്തി. സംയുക്തയ്ക്ക് ഇദ്ദേഹം കുട ചൂടിക്കൊടുക്കുന്നുണ്ടെങ്കിലും സംയുക്ത വർമ്മ ഇദ്ദേഹത്തിന്റെ മുഖേത്തക്ക് പോലും നോക്കുന്നില്ല.
കുട ചൂടിത്തന്ന സെക്യൂരിറ്റിയെ നോക്കി ഒരു നന്ദി പറയുകയോ പുഞ്ചിരിക്കുകയോ ചെയ്യാമായിരുന്നെന്നാണ് ഈ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. നമ്മളാണെങ്കിൽ ആദ്യം കുട പിടിച്ചയാളെ നോക്കി ചിരിക്കും, പിന്നീടെ മറ്റുള്ളവരെ നോക്കുള്ളു, അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം, എന്നാണ് ഒരാളുടെ കമന്റ്. പാവം ചേട്ടൻ, ഒന്ന് ചിരിക്കാമായിരുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം സംയുക്തയെ അനുകൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്.

‘കാറിന്റെ ഡോർ തുറക്കുമ്പോൾ തന്നെ സംയുക്ത കാണുന്നത് അറിയാവുന്ന മുഖങ്ങളാണ്. പെട്ടെന്ന് അപ്പുറത്തും ഇപ്പുറത്തും നോക്കാൻ പറ്റണമെന്നില്ല. അത് ബഹുമാനം ഇല്ലാത്തത് കൊണ്ടല്ല. മോശം കമന്റുകൾക്ക് പിന്നിൽ നല്ല ജീവിതം കാണുമ്പോഴുള്ള ആളുകളുടെ ഫ്രസ്ട്രേഷൻ ആണെന്ന് ഒരാൾ കമന്റ് ചെയ്തു. സംയുക്ത വർമ്മയെ കൂടാതെ സംവിധായകന്മാരായ ജിയോ ബേബി, സത്യൻ അന്തിക്കാട്, സംഗീതജ്ഞൻ കൈതപ്രം ദാമോധരൻ നമ്പൂതിരി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിൽ സമാപന സമ്മേളനം നടൻ കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയായിരുന്നു ഉദ്ഘാടനം ചെയ്തത്.
വേദിക്കരികിൽ സംയുക്ത വർമ്മയെ കണ്ടയുടൻ സുരേഷ് ഗോപി സംയുക്തയെ അടുത്തേക്ക് വിളിച്ചു. ഉടൻ ഓടി വന്ന സംയുക്ത വർമ്മ സുരേഷ് ഗോപിയെ കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. സുരേഷ് ഗോപിയെ കെട്ടിപിടിക്കുന്ന സംയുക്തയുടെ വീഡിയോ പുറത്ത് വന്നപ്പോൾ കണ്ണേട്ടനേയും മീനാക്ഷിയേയും വീണ്ടും ഒറ്റ ഫ്രെയിമിൽ കാണാൻ കഴിഞ്ഞ സന്തോഷമായിരുന്നു ആരാധകർക്ക്. ഇരുവരും ഒന്നിച്ചഭിനയിച്ച തെങ്കാശി പട്ടണത്തിൽ കണ്ണനും മീനാക്ഷിയുമായി എത്തിയത് സുരേഷ് ഗോപിയും സംയുക്ത വർമ്മയുമായിരുന്നു.
അതേസമയം പാപ്പരാസി കൾച്ചർ വളർന്ന് കൊണ്ടിരിക്കുന്ന മോളിവുഡിൽ ഇന്ന് താരങ്ങൾ എങ്ങോട്ടിറങ്ങിയാലും ക്യാമറക്കണ്ണുകളാണ്. സോഷ്യൽ മീഡിയയിൽ കാണുന്ന ചെറിയ വീഡിയോകൾ വെച്ച് താരങ്ങളെ വിലയിരുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇന്നുണ്ട്. അടുത്തിടെ നടി നിഖില വിമൽ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങൾ ഇടിച്ച് കയറുകയാണെന്നും ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നെന്നും നിഖില തുറന്നടിച്ചു. അതേസമയം സംയുക്ത വർമ്മ സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കുടുംബ ജീവിതത്തിന് വേണ്ടി നടി കരിയർ വിട്ടത്. നടൻ ബിജു മേനോന്റെ ഭാര്യയായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സംയുക്ത വർമ്മ ഇപ്പോൾ.











