
എൻസിപി നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ നടൻ സല്മാൻ ഖാന്റെ വീടിന് സുരക്ഷയേര്‍പ്പെടുത്തിയിരിക്കുകയാണ്. എൻസിപി നേതാവ് ബാബ സിദ്ധിഖിയുടെ അടുത്ത് സുഹൃത്താണ് സൽമാൻ ഖാൻ. പന്ത്രണ്ടോളം പൊലീസുകാരെയാണ് താരത്തിന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്ട്മെന്റില് നിയോഗിച്ചിരിക്കുന്നത്.
മാതാപിതാക്കള്‍ക്കൊപ്പം നടൻ സല്മാൻ ഖാൻ കഴിയുന്നതും അവിടെയാണ്. എൻസിപി നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് നടൻ സൽമാൻ ഖാന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സൽമാൻ ഖാനും വധഭീഷണിയുണ്ട്. സൽമാൻ ഖാനെ സഹായിക്കാൻ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വക വരുത്തും എന്നും ലോറൻസ് ബിഷ്ണോയി ഭീഷണി മുഴക്കിയിരുന്നു.

എന്നാൽ ഇതാദ്യമായല്ല ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്ണോയി മുന്നറിയിപ്പ് നൽകുന്നത്. സല്മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെയും ഇവർ ശ്രമിച്ചിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങൾ അന്ന് അറസ്റ്റിൽ ആയിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
ആറ് പേര്‍ക്കാണ് സല്മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്ദാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സല്മാൻ ഖാന്റ വീട്ടിലേക്കുണ്ടായ വെടിവെയ്പ്പില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് അന്ന് താൻ എഴുന്നേറ്റതെന്ന് വ്യക്തമാക്കുകയായിരുന്നു നടൻ സല്മാൻ. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താൻ ആരെയും കണ്ടില്ല. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.
അതേസമയം മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകം രാഷ്ട്രീയ രംഗത്തെ മാത്രമല്ല, ബോളിവുഡിനെയും ഞെട്ടിച്ച സംഭവമായിരുന്നു . ബാബ സിദ്ദിഖിയുമായി അടുത്ത ബന്ധമുള്ള നടന് സല്മാന് ഖാന് താക്കീതായി ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയി സംഘമാണ് രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
എന്നാല്‍ ഇത്തരത്തിലുള്ള കാര്യം ‘അവിശ്വസനീയവും പരിഹാസ്യവുമാണ്’ എന്നാണ് ചലച്ചിത്ര സംവിധായകന് രാം ഗോപാൽ വർമ്മ പറയുന്നത്. ബാബ സിദിഖിയുടെ മരണത്തിലേക്ക് നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സൽമാൻ ഖാനുമായുള്ള ലോറൻസ് ബിഷ്ണോയിയുടെ പ്രശ്നം ശരിക്കും അവിശ്വസനീയമാണ് എന്നാണ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. എന്നാല്‍ ആരുടെയും പേര് എടുത്തുപറയാതെയാണ് എക്സ് അക്കൗണ്ടില്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ്. എന്നാല്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റില്‍ പറയുന്ന വക്കീലായിരുന്ന ഗ്യാങ്സ്റ്റര്‍ എന്ന് ഉദ്ദേശിച്ചത് ലോറന്‍സ് ബിഷ്ണോയിയെ ആണെന്നും, രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയാണെന്നും, സ്റ്റാര്‍ സല്‍മാനാണെന്നും ആര്‍ക്കും മനസിലാകും എന്നാണ് ദേശീയ മാധ്യമത്തിലെ റിപ്പോര്‍ട്ട്.
എക്സിൽ രാംഗോപാൽ വർമ്മ കുറിച്ചതിങ്ങനെയാണ് ; ‘ഗ്യാങ്സ്റ്ററായി മാറിയ ഒരു അഭിഭാഷകൻ ഒരു സൂപ്പർ സ്റ്റാറിനെ കൊന്ന് അയാള്‍ പണ്ട് മാനിനെ വേട്ടയാടിയതിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു മുന്നറിയിപ്പെന്ന നിലയിൽ, സ്റ്റാറിന്റെ അടുത്ത സുഹൃത്തായ ഒരു വലിയ രാഷ്ട്രീയക്കാരനെ ആദ്യം കൊല്ലാൻ ഫെയ്സ് ബുക്ക് വഴി റിക്രൂട്ട് ചെയ്ത തന്റെ 700 അംഗ ഗ്യാംഗിൽ ചിലർക്ക് നിര്‍ദേശം നല്കുന്നു” രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

“ജയിലിൽ ഗവൺമെന്റിന്റെ സംരക്ഷണയിലായതിനാൽ പോലീസിന് ഗ്യാങ്സ്റ്ററിനെ പിടിക്കാൻ കഴിയില്ല, അവന്റെ വക്താവ് വിദേശത്ത് നിന്ന് സംസാരിക്കുന്നു. ഒരു ബോളിവുഡ് എഴുത്തുകാരൻ ഇതുപോലൊരു കഥയുമായി വന്നാൽ, എക്കാലത്തെയും ‘അവിശ്വസനീയവും പരിഹാസ്യവുമായ കഥ’ എഴുതിയതിന് ബോളിവുഡുകാര് അവനെ തല്ലും” എന്നും രാം ഗോപാല്‍ വര്‍മ്മ പോസ്റ്റില്‍ എഴുതി.
എന്തായാലും നിരവധി കമന്റുകളാണ് രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റിന് അടിയില്‍ ലഭിക്കുന്നത്. സല്മാന് മാനിനെ വേട്ടയാടിയ കേസില്‍ പെടുമ്പോള്‍ വെറും 5 വയസാണ് ലോറന്‍സ് ബിഷ്ണോയിക്കെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. വലിയ കളികള്‍ മറയ്ക്കാനുള്ള കഥകളാണ് ഇതെന്നാണ് ചിലര്‍ പറയുന്നത്. അതേ സമയം ബാബ സിദ്ദിഖി ബോളിവുഡിലെ പ്രമുഖരുടെ അടുത്ത ആളായിട്ടും പലരും ഇയാളുടെ മരണത്തിൽ മൗനം പാലിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.











