നിയമം പാലിക്കാൻ ബാധ്യസ്ഥൻ; പരസ്യമായി ക്ഷമ ചോദിച്ച് ബൈജു  

മദ്യപിച്ച് അമിത വേഗത്തിൽ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടൻ ബൈജു സന്തോഷ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ച് നടന്ന കാർ അപകടത്തിൽ ബൈജു സന്തോഷ് തനിക്കെതിരെ വരുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് നടനിപ്പോൾ. “അപകടത്തിൽപെട്ടയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടതെന്നും ഇവിടെത്തെ എല്ലാ നിയമങ്ങൾ അനുസരിക്കാൻ തനിക്കും ബാധ്യസ്ഥതയുണ്ട് എന്നും വണ്ടിയിടിച്ച ആൾക്ക് പരാതി ഉണ്ടായിരുന്നില്ലയെന്നും ബൈജു സന്തോഷ് പറയുന്നു” .

തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിൽ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. “ഞാൻ പൊതു സമൂഹത്തോട് ക്ഷമ ചോദിക്കുന്നു എന്ന ക്യപാഷനിലാണ് നടൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഞായറാഴ്‍ചത്തെ എന്റെ അപകടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടായി. യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ത് എന്നറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്‍ച കവടിയാര്‍ ഭാഗത്ത് നിന്ന് താൻ വെള്ളയമ്പലത്തിലേക്ക് പോകുകയായിരുന്നു. 65 കിലോമീറ്റര്‍ വേഗത ഉണ്ടാകാം. വിചാരിച്ചത് വെള്ളയമ്പലം ഭാഗത്ത് നിന്ന് തനിക്ക് മ്യൂസിയം റോഡിലേക്ക് പോകാൻ ആയിരുന്നു. പക്ഷേ വെള്ളയമ്പലത്തില്‍ എത്തിയപ്പോള്‍ തന്നെ തന്റെ കാറിന്റെ ടയര്‍ പഞ്ചറാകുകയും ചെയ്‍തു. വണ്ടിയുടെ കണ്‍ട്രോള്‍ തനിക്ക് നഷ്‍ടപ്പെട്ടു. വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‍കൂട്ടറുകാരനെ തട്ടാൻ കാരണം.

ആ ചെറുപ്പക്കാരനെ താൻ പെട്ടെന്ന് തന്നെ എഴുന്നേല്‍പ്പിച്ചിരുത്തി. ആശുപത്രിയില്‍ പോകണമോയെന്ന് ചോദിക്കുകയും ചെയ്‍തു. വേണ്ട കുഴപ്പമില്ലെന്ന് അയാള്‍ പറഞ്ഞു. ഒടിവോ ചതവോ ഒന്നും തന്നെയുണ്ടായിട്ടില്ല. അയാള്‍ക്ക് പരാതിയില്ലെന്ന് പറയുകയും ചെയ്‍തിരുന്നു . പൊലീസില്‍ അയാള്‍ തന്നെ അത് അറിയിച്ചിരുന്നു. എന്നെ പൊലീസുകാര്‍ ആരും സഹായിച്ചിട്ടുമില്ലയെന്നും അവര്‍ നിയമപരമായി കേസ് എടുത്തിട്ടുണ്ട് എന്നും തെറ്റ് സംഭവിച്ചതില്‍ കേസ് എടുത്തിട്ടുണ്ട് എന്നും ബൈജു സന്തോഷ് പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ താൻ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട്.  അങ്ങനെ ഒക്കെ വരുമെന്നും പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ അത് ആളുകൾ വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ് എന്നും ബൈജു പറയുന്നു. ഒരു പെണ്‍കുട്ടി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായി.

എന്നാല്‍ വല്യമ്മയുടെ മകളുടെ മകളാണ് തനിക്കൊപ്പം ഉണ്ടായിരുന്നത്. കൂടാതെ കാറിൽ യുകെയില്‍ നിന്ന് വന്ന ഫ്രണ്ടുമുണ്ടായിരുന്നുവെന്നും ബൈജു വ്യക്തമാക്കി”.

അതേസമയം ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്‍റെ വാഹനം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. എന്നാൽ  മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് ബൈജുവിനെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.