
നടി കെപിഎസി ലളിതയ്ക്കൊപ്പമുള്ള ഓർമകൾ പങ്കിട്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. പണ്ട് മലയാള സിനിമയിലെ ഡബ്ലുസിസി കെപിഎസി ലളിതയായിരുന്നു എന്നാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ സംസാരിക്കവെ ലാൽ ജോസ് പറഞ്ഞത്.
‘എൽസമ്മ എന്ന ആൺകുട്ടി’ അടക്കമുള്ള ലാൽ ജോസ് സിനിമകളിൽ കെ പിഎസ്സി ലളിത ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലളിത ചേച്ചി അന്നൊക്കെ സെറ്റിൽ ഒരു അമ്മയുടേയോ ചേച്ചിയുടേയോ സ്ഥാനത്തുണ്ടാകും. എല്ലാവരുടെയും വിശേഷങ്ങൾ തിരക്കും. കാര്യങ്ങൾ അന്വേഷിക്കും. അതുപോലെ സെറ്റിൽ അനാവശ്യ കാര്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അന്ന് ഡബ്ലുസിസി ഒന്നും ഇല്ല. അന്നത്തെ ഡബ്ലുസിസി ലളിത ചേച്ചിയായിരുന്നു. എന്തെങ്കിലും പരാതികൾ ആർക്കെങ്കിലുമുണ്ടെങ്കിൽ ലളിത ചേച്ചി വിളിച്ച് അതുമായി ബന്ധപ്പെട്ട ആളുകളെ വഴക്ക് പറയും. അതിനുള്ള സ്വാതന്ത്ര്യമുള്ളയാളായിരുന്നു കെപിഎസി ലളിതയെന്നാണ് ലാൽ ജോസ് പറയുന്നത്. ചേച്ചി പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു ചേച്ചി.
ലളിത ചേച്ചിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായിരുന്ന കാലം മുതൽ ഒരുപാട് സിനിമകളിൽ താൻ പ്രവർത്തിച്ചിട്ടുണ്ട് എന്നും പിന്നീട് ‘വധു ഡോക്ടറാണ്’ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഭരതേട്ടനൊപ്പം അസോസിയേറ്റായി വർക്ക് ചെയ്യാൻ ചേച്ചി തന്നെ വിളിച്ചിരുന്നുവെന്നും അത് എനിക്ക് വലിയ സന്തോഷം നൽകി എന്നും ലാൽജോസ് പറയുന്നു . കാരണം ഭരതേട്ടന് പറ്റിയ അസോസിയേറ്റാണ് താനെന്ന് ലളിത ചേച്ചിക്ക് തോന്നിയതുകൊണ്ടാകുമല്ലോ തന്നെ ചേച്ചി വിളിച്ചതെന്നും ലാൽ ജോസ് പറയുന്നു.

പക്ഷെ നിർഭാഗ്യവശാൽ ഭരതേട്ടനൊപ്പം പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും അദ്ദേഹം മരിച്ചു. ഞാൻ സിനിമ സ്വതന്ത്ര്മായി സംവിധാനം ചെയ്ത് തുടങ്ങിയശേഷം എന്റെ സിനിമകളിൽ കൂടുതൽ അഭിനയിച്ചത് സുകുമാരി ചേച്ചിയാണ്. കാരണം ആ സമയത്തെല്ലാം ലളിത ചേച്ചി നിരവധി സിനിമകളുമായി തിരക്കിലായിരുന്നു. പിന്നീട് എൽസമ്മ എന്ന ആൺകുട്ടിയിൽ ലളിത ചേച്ചി വന്നു അഭിനയിച്ചുവെന്നും ആ കഥാപാത്രം ചേച്ചിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. നീ വിളിക്കാൻ കുറച്ച് വൈകിയെങ്കിലും നല്ല വേഷത്തിനാണ് വിളിച്ചത് എനിക്ക് കഥാപാത്രം ഒരുപാട് ഇഷ്ടമായിയെന്ന് ചേച്ചി പറയുകയും ചെയ്തുവെന്നും ലാൽ ജോസ് പറയുന്നു.
പലവിധ പ്രശ്നങ്ങൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്ന കാലത്ത് ചോദിക്കാനും പറയാനും ആളുകൾ ഇല്ലാതിരുന്ന സമയത്ത് നാൽപ്പത് വർഷത്തോളം സിനിമയിലും അതിന് മുമ്പ് നാടകത്തിലും ഒറ്റയ്ക്ക് സുരക്ഷിതയായി യാത്ര ചെയ്ത ഒരാളാണ് കെപിഎസി ലളിതയെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. സിനിമയില്‍ ഇത്രയും കാലം നിലനിന്ന നടിമാര്‍ വളരെ കുറവാണ്.
സുകുമാരിയമ്മയും ലളിത ചേച്ചിയുമൊക്കെ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത രണ്ട് നടിമാരായിരുന്നു. അതില്‍ തന്നെ ലളിതചേച്ചിയ്ക്ക് കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തിന്റെ വലിയ പശ്ചാത്തലവും പിന്‍ബലവും ഉണ്ടായിരുന്നു.
കമൽ സാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അവർ. ഞാൻ അദ്ദേഹത്തിന്റെ സഹായിയായി ചേർന്ന ആദ്യസിനിമതൊട്ടേ അങ്ങനെയാണ് എന്നും ലാൽ ജോസ് പറഞ്ഞു. മാത്രമല്ല മരിക്കുന്നത് വരെ ലളിത ചേച്ചി ഒരാളെ പറ്റിയും പരാതി പറഞ്ഞ് ഞാൻ കേട്ടിട്ടില്ലയെന്നും ചേച്ചി ഒരു അട്രോസിറ്റി ഫെയ്സ് ചെയ്യേണ്ടി വന്നതായി ഞാൻ കേട്ടിട്ടില്ലയെന്നും പരാതികളില്ലാതെ സിനിമാ രംഗത്ത് വർഷങ്ങളോളം അഭിനയിച്ച് ജീവിച്ച് കടന്നുപോയ ആളാണ് കെപിഎസി ലളിത എന്ന് പറഞ്ഞാണ് ലാൽ ജോസ് കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമകൾ പറഞ്ഞ് അവസാനിപ്പിച്ചത്.
അതേസമയം സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ ചലച്ചിത്രലോകത്ത് നിലനിന്ന ലളിത 600ലേറെ സിനിമയിലാണ് അഭിനയിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർ പേഴ്സണായിരുന്നു കെപിഎസി ലളിത . അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ എന്ന ബഹുമതിയും കെപിഎസി ലളിതയ്ക്ക് സ്വന്തം.
നാടകത്തിലൂടെ സിനിമയിലെത്തിയ കെപിഎസി ലളിതയുടെ ആദ്യ സിനിമ 22ആം വയസിലായിരുന്നു. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്ക്കാരത്തിൽ ആയിരുന്നു ഇത്. പിന്നീട് അങ്ങോട്ട് ഒട്ടനവധി സിനിമകളിൽ ഭാഗമായി. സൗന്ദര്യമെന്നാൽ പ്രതിഭയാണെന്ന് സിനിമാപ്രേമികളെ പഠിപ്പിച്ചൊരു അഭിനേത്രിയാണ് കെപിഎസി ലളിത. അഞ്ച് പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ നടി രണ്ട് വർഷം മുമ്പാണ് എഴുപത്തിരണ്ടാം വയസിൽ അനാരോഗ്യം മൂലം ചികിത്സയിലിരിക്കെ അന്തരിച്ചത്.











