
സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സ്പര്‍ശിക്കുന്നതും മറ്റും ഇഷ്ടമല്ലെന്ന് പറയുകയാണ് നടി അനാര്‍ക്കലി മരിക്കാര്‍. അതില്‍ ആണെന്നും പെണ്ണെന്നുമില്ലയെന്നും പരിചിയമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതും അമിത സ്നേഹം കാണിക്കുന്നതും ഇഷ്ടമല്ലെന്നും അനാര്‍ക്കലി പറയുന്നു.
പുതിയ വെബ് സീരീസ് ആയ ‘സോള്‍ സ്റ്റോറീസി’ന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മദ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസ് കൂടിയാണിത്.
നമുക്കൊക്കെ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുള്ളൊരു കഥയാണിത്. മിക്ക പെണ്‍കുട്ടികള്‍ക്കും എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടാകും. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ കണ്ണു തുറപ്പിക്കുന്നതായിരുന്നുവെന്നും ഇതുപോലൊരു വിഷയം സിനിമയായി കണ്ടിട്ടില്ല. ചെറിയൊരു വിഷയം ഒരാളെ എന്തുമാത്രം ബാധിക്കുന്നുണ്ടെന്നാണ് കാണിച്ചു തരുന്നതെന്നും അനാർക്കലി മരിക്കാർ പറയുന്നു.

സിനിമയുടെ പ്രമേയം എന്റെ ആണ്‍സുഹൃത്ത് തന്റെ സമ്മതമില്ലാതെ തന്നെ ഉമ്മ വച്ചു എന്നതാണ്. പക്ഷെ പിന്നീടുള്ള ഭാഗങ്ങളില്‍ മറ്റ് ആണുങ്ങളേയും ഇതേകാര്യം അസ്വസ്ഥരാക്കുന്നുണ്ട് എന്ന് കാണിക്കുന്നുണ്ട്. അതായത് ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. ആണുങ്ങള്‍ക്കും സമ്മതം വേണമെന്നും അവര്‍ക്കും തൊടുന്നതും പിടിക്കുന്നതുമൊന്നും ഇഷ്ടമല്ലയെന്നും അനാർക്കലി പറയുന്നു.
മൂന്നാമത് ഒരാളായി നോക്കുമ്പോള്‍ അതൊരു പ്രശ്നമായി തോന്നിയേക്കില്ല. ഇഷ്ടമുള്ളൊരു സുഹൃത്തിനെ ഉമ്മ വച്ചു എന്ന് മാത്രമാണ്. പക്ഷെ അത് അനുഭവിച്ചയാള്‍ക്ക് വലിയ പ്രശ്നമാണ്. തന്റേത് മാത്രമായുള്ള അതിര്‍ത്തിക്കുള്ളില്‍ അനുവാദമില്ലാതെ കടന്നു കയറി പെരുമാറുന്നതാണ് പ്രശ്നം .
പക്ഷെ കാണുന്നവര്‍ക്ക് അത് സ്നേഹമാണ്. ഒരാളെ തൊടണമെങ്കില്‍ പോലും അയാളുടെ സമ്മതത്തോടെ വേണമെന്നത് വളരെ മനോഹരമായും വ്യക്തമായും സിനിമ കാണിച്ചുതരുന്നുണ്ട് . അതായിരുന്നു തന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ച കാര്യമെന്നും അനാർക്കലി പറയുന്നു.
വ്യക്തിപരമായി പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതോ അമിത സ്നേഹം കാണിക്കുന്നതോ തനിക്ക് ഇഷ്ടമല്ല. ബാല്യകാല സുഹൃത്ത് ആണെങ്കിലും അതിര്‍വരമ്പുകള്‍ മറികടന്ന് പെരുമാറുന്നത് ഇഷ്ടമല്ല. അതില്‍ ആണും പെണ്ണും ഇല്ലയെന്നും കുറേ ലെയറുകളുള്ളൊരു വിഷമമാണിത്. ഇന്നത് ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പറ്റിയെന്ന് വരില്ലയെന്നും ആളുകളുടെ കണ്ണില്‍ നിന്നും, ശരീരഭാഷയില്‍ നിന്നും മനസിലാക്കേണ്ടതാണ്.
ഈയ്യടുത്ത് കോളേജില്‍ പരിപാടികളില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ തന്നെ നമ്മളെ പിടിച്ച് വലിക്കും, ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തോണ്ടുക, അടിച്ച് വിളിക്കുക, അതിലൊക്കെ അണ്‍കംഫര്‍ട്ടബിള്‍ ആകുന്ന ആളാണ് താനെന്നും പക്ഷെ പൊതുഇടത്ത് ആയതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചേക്കില്ലയെന്നും അനാർക്കലി മരിക്കാർ പറയുന്നു.
ആണുങ്ങളോടാണെങ്കില്‍ നമുക്ക് ചോദിക്കാം. അതിലെ പ്രശ്നം എല്ലാവര്ക്കും അറിയാം. പക്ഷെ സ്ത്രീകള്‍ ആണെങ്കില്‍, സ്ത്രീയാണല്ലോ അവരെ തൊടാം പിടിച്ച് വലിക്കാം എന്നൊരു തോന്നല്‍ പലർക്കുമുണ്ട് അത് മാറേണ്ടതാണ്. ഇത് ജെന്ററിന്റേതല്ല, പൊതുവെ എല്ലാവരിലും ഉള്ളതാണ് എന്നും അങ്ങനൊരു മാറ്റത്തിനുള്ള തുടക്കമാകട്ടെ ‘സോള്‍ സ്റ്റോറീസ്’ എന്ന് കരുതുന്നുവെന്നും നടി വ്യകത്മാക്കി.
അനാർക്കലി മരയ്ക്കാർ, സുഹാസിനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലായാളം വെബ് സീരീസാണ് ‘സോൾ സ്റ്റോറീസ്.’ സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസ് സനില്‍ കളത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജനപ്രയ ഒടിടി പ്ലാറ്റ്ഫോമായ ‘മനോരമ മാക്സി’ലൂടെയാണ് സോൾ സ്റ്റോറീസ് റിലീസിനെത്തുന്നത്.
ആർജെ കാർത്തിക്, വഫ ഖതീജ, ഡയാന ഹമീദ്, രഞ്ജി പണിക്കര്‍, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരിസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സോൾ സ്റ്റോറീസിലൂടെ സുഹാസിനി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും.
അതേസമയം മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരാളാണ് ഇന്ന് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ കടന്നു വന്ന അനാര്‍ക്കലി സഹനടിയായി കയ്യടി നേടിയ ശേഷമാണ് നായികയാകുന്നത്.











